തങ്കമല ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം; പാരിസ്ഥിതിക അനുമതി റദ്ദുചെയ്യിക്കാനുള്ള നിയമനടപടി സ്വീകരിക്കും


കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമല ക്വാറിയുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം. പാരിസ്ഥിതിക അനുമതി റദ്ദ് ചെയ്യിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചു.

തങ്കമല ക്വാറിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് രാവിലെ പതിനൊന്നുമണിക്ക് അടിയന്തരമായി ഭരണസമിതി യോഗം വിളിച്ചുചേര്‍ത്തത്. നേരത്തെ 2018ല്‍ ക്വാറിയില്‍ നിബന്ധനകള്‍ ലംഘിച്ചുകൊണ്ടുള്ള അതിഭീകരസ്‌ഫോടനങ്ങള്‍ കൊണ്ട് പരിസര വാസികള്‍ക്ക് ആകെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടപ്പോള്‍ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് സഭ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരി പതിനാലാം തീയതി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ലൈസന്‍സ് റദ്ദ് ചെയ്യാന്‍ തീരുമാനമെടുത്തിരുന്നു.

എന്നാല്‍ പിന്നീട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുടെ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് കൊടുത്തില്ലെങ്കില്‍ കോടതിലക്ഷ്യമാകും എന്ന സാഹചര്യത്തില്‍ ക്വാറിക്ക് വീണ്ടും ലൈസന്‍സ് നല്‍കുകയായിരുന്നു. ലൈസന്‍സിനായുള്ള അനുമതിപത്രത്തില്‍ പറഞ്ഞ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതായി തെളിഞ്ഞതിന്റ അടിസ്ഥാനത്തിലാണ് വീണ്ടും ഭരണസമിതി യോഗം വിളിച്ച് ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്.

Summary: Keezhriyur Panchayat Administrative Committee’s decision to cancel the license of Thangamala Quarry. Legal action will be taken to cancel the environmental clearance