സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂര്‍ സ്വദേശിനി ഇനി റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലേക്ക്; ഐ.എ.എസ് എന്ന സ്വപ്‌നത്തിലെത്താന്‍ ശ്രമം തുടരുമെന്നും ശാരിക
കീഴരിയൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കീഴരിയൂരിലെ ശാരികയെ തേടി നിയമന ഉത്തരവെത്തി. ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലാണ് ശാരികയ്ക്ക് നിയമനം ലഭിച്ചിരിക്കുന്നത്. ഇതിന്റെ നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാറിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തില്‍ നിന്നും ശാരികയ്ക്ക് ലഭിച്ചു.
സെറിബ്രല്‍ പാള്‍സിയെന്ന രോഗം സൃഷ്ടിച്ച ശാരീരിക പരിമിതികളെ അതിജീവിച്ചാണ് ശാരിക സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയത്. ഐ.എ.എസ് എന്ന സ്വപ്‌നമാണ് മനസിലുള്ളതെങ്കിലും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജോലി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ശാരിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഐ.എ.എസ് എന്ന സ്വപ്‌നത്തിനുവേണ്ടിയുള്ള ശ്രമം ഇനിയും തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ലഖ്നൗവില്‍ രണ്ട് വര്‍ഷത്തെ പരിശീലനമുണ്ട്. ഇതിനായി ഡിസംബറില്‍ ലഖ്‌നൗവിലേക്ക് പോകാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശാരിക വ്യക്തമാക്കി. തുണയായി അമ്മയും ഒപ്പമുണ്ടാകും. പരിശീലനത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. ഇത്തവണയെന്തായാലും ഐ.എ.എസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പൊന്നുമില്ല. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തോടെ പരീക്ഷയ്ക്കുവേണ്ടി ഒരുങ്ങുമെന്നും ശാരിക വ്യക്തമാക്കി.
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക, വീല്‍ച്ചെയറില്‍ ഇരുന്നാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കൈയിലെ മൂന്നുവിരലുകള്‍ മാത്രമേ ശാരികയ്ക്കു ചലിപ്പിക്കാനാകൂ. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ സ്ഥാപകനായ ഡോ. ജോബിന്‍ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 922-ാം റാങ്ക് നേടിയാണ് ശാരിക ഐ.ആര്‍.എം.എസ് നിയമനം നേടിയത്.
കീഴരിയൂര്‍ എരേമ്മന്‍ കണ്ടി ശശിയുടെയും രാഖിയുടെയും മകളാണ്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു വിദ്യാര്‍ഥിനിയായ ദേവിക സഹോദരിയാണ്.
Summary: Keezhriyur native sarika who has passed the civil service exam, now joins the railway management service