സഹജീവികളോടുള്ള കരുതലിന് കീഴരിയൂരില്‍ നിന്നൊരു മാതൃക; ലൈഫ് മിഷന്‍ പദ്ധതിക്കായി രാധ ടീച്ചര്‍ വിട്ടു നല്‍കിയത് 18 സെന്റ് ഭൂമി
കൊയിലാണ്ടി: വീടില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി കീഴരിയൂരിലെ റിട്ടയേര്‍ഡ് അധ്യാപിക വി.രാധ ടീച്ചര്‍. തലക്കുളത്തൂര്‍ പഞ്ചായത്തിലുള്ള 18 സെന്റ് സ്ഥലം ലൈഫ് മിഷനിലൂടെ വീടിനായി വിട്ടു നല്‍കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാധ കരുത്തേകിയത്. ലൈഫ് മിഷന്റെ പരസ്യം കണ്ടാണ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. സൗജന്യമായി സ്ഥലം നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരോ, പഞ്ചായത്തോ പാവപ്പെട്ടവര്‍ക്ക് വീടു വെച്ചു നല്‍കുമെന്നുറപ്പുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ടൗണ്‍ഹാളില്‍ നടന്ന നവകേരള തദ്ദേശകം – 2022 പരിപാടിയില്‍ സ്ഥലം വിട്ടു നല്‍കി കൊണ്ടുള്ള സമ്മത പത്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കൈമാറി.
ഇത് ആദ്യമായല്ല സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയുമായി രാധയെത്തുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാക്സിന്‍ ചലഞ്ചിലും രാധ പങ്കാളിയായിരുന്നു. ഒരു ലക്ഷം രൂപയാണ് വാക്സിന്‍ ചലഞ്ചിലേക്ക് അവര്‍ കൈമാറിയത്. കൂടാതെ വീടിന് സമീപത്തിലൂടെയുള്ള റോഡിനായും സ്ഥലം വിട്ടു നല്‍കിയിരുന്നു.
പ്രതിസന്ധികള്‍ നേരിടുന്നവരെ സഹായിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന വ്യക്തിത്വമാണ് രാധയുടേത്. അതിനാല്‍ തന്റെ മുന്നിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് എത്തുന്നവരെ വെറും കയ്യോടെ മടക്കിയയക്കാറുമില്ല. സാമ്പത്തികമായല്ലെങ്കിലും തന്നാല്‍ കഴിയുന്നതെല്ലാം അവര്‍ക്കായി ചെയ്യാറുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. ടീച്ചര്‍ക്കൊപ്പം ഭര്‍ത്താവും നാട്ടുകാര്‍ സ്‌നേഹത്തോടെ ദാമു മാഷെന്നു വിളിക്കുന്ന ഇ.കെ ദാമു നായരും ഇത്തരം പ്രവര്‍ത്തനങ്ങളോട് താത്പര്യമുള്ള വ്യക്തിത്വങ്ങളാണ്.
കൊയിലാണ്ടി ഗവ. മാപ്പിള വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപികയായിരുന്നു രാധ. റിട്ടയേര്‍ഡ് അധ്യാപകന്‍ ഇ.കെ ദാമു നായരാണ് ഭര്‍ത്താവ്. ഗിരീഷ്, പ്രീത, വിനീത, സജിത എന്നിവര്‍ മക്കളാണ്.