കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഒരുക്കിയ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.ബി ഗണേഷ്‌കുമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സഗൗരവ പ്രതിജ്ഞയെടുത്താണ് രാമചന്ദ്രന്‍ കടന്നപ്പള്ളി ചുമതലയേറ്റത്.

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായാണ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റത്. മുന്‍മന്ത്രി ആന്റണി രാജു വഹിച്ച ഗതാഗതം അടക്കമുള്ള വകുപ്പകളായിരിക്കും കെ.ബി ഗണേഷ്‌കുമാറിന് ലഭിക്കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖം അടക്കമുള്ള വകുപ്പുകള്‍ ലഭിക്കും.

കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലും തുറമുഖ വകുപ്പാണ് കടന്നപ്പളളി കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ചടങ്ങിൽ മന്ത്രിമാരും എംഎൽഎമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.