ആൺ-പെൺ ഭേദമില്ല, അവരിനി ഒരുപോലുള്ള വേഷം ധരിക്കും; ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി കൊയിലാണ്ടി കാവുംവട്ടം യുപി സ്‌കൂൾ


കൊയിലാണ്ടി: കൊയിലാണ്ടി കാവുംവട്ടം യുപി സ്‌കൂളിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയിരിക്കുകയാണ് സ്കൂൾ. പാന്റ്സും ഷർട്ടുമാണ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വേഷം. പദ്ധതിയുടെ കൊയിലാണ്ടി എഇഒ സുധ പിപി ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തി.

പുരുഷ മേധാവിത്വ സമൂഹത്തിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ല. എന്നാൽ തുല്യത എന്ന ചിന്തയിലേക്ക് ആദ്യ പടിയെന്ന നിലയിലാണ് യൂണിഫോം നടപ്പിലാക്കുന്നതെന്ന് പിടിഎ അറിയിച്ചു. അതിന്റെ പ്രധാനപ്പെട്ട ചുവടുവെപ്പാണ് ഇന്നത്തേതെന്നും പിടിഎ പ്രസിഡന്റ് ടി ഇ ബാബു പറഞ്ഞു.

പുതിയ അധ്യയന വർഷത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിനായി മെയ് മാസത്തിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കി രക്ഷിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് തുല്യതയുടെ യൂണിഫോം നടപ്പാക്കിയതെന്ന് പ്രധാനധ്യാപിക സുധ അറിയിച്ചു. സ്‌കൂൾ തുറന്നപ്പോൾ തന്നെ കുട്ടികൾക്ക് പുതിയ രീതിയിലുള്ള യൂണിഫോം എത്തിച്ചിരുന്നു. ജൂലെെ അഞ്ചിന് ബഷീർ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം നടത്തിയത്.