അഞ്ച് ഏക്കറോളം സ്ഥലത്തെ തെങ്ങും ജാതിയും വാഴയുമെല്ലാം നശിപ്പിച്ചു; കാട്ടാനശല്യത്താൽ പൊറുതിമുട്ടി കുറ്റ്യാടി കാവിലുംപാറ നിവാസികൾ
കുറ്റ്യാടി: കാട്ടാനശല്യത്താൽ ബുദ്ധിമുട്ടിലായിരിക്കുകയാണ് കാവിലുംപാറ പഞ്ചായത്തിലെ കർഷകർ. പഞ്ചായത്തിലെ പൊയിലോംചാല്‍ പുത്തന്‍പീടിക ഭാഗത്ത് കാട്ടാനയുടെ അക്രമണത്തില്‍ ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷി നാശം സംഭവിച്ചത്. കടത്തല കുന്നേല്‍ ആന്റണിയുടെ അഞ്ച് ഏക്കറോളം സ്ഥലത്തെ തെങ്ങ്, ഗ്രാമ്പു, ജാതി, കടപ്ലാവ്, ഇരുന്നൂറോളം വാഴ, മുപ്പതോളം തെങ്ങിന് തൈകകൾ എന്നിവ കാട്ടാനകള്‍ നശിപ്പിച്ചു. ഐക്കേകര പ്രഭാകരന്റെ തോട്ടത്തില്‍ കയറിയ ആനകള്‍ തെങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കാട്ടാനകൂട്ടം കൃഷി സ്ഥലത്തിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്.
കാട്ടാനകൂട്ടം കൃഷി സ്ഥലത്തുനിന്നും ജനവാസ മേഖലകളിലേക്ക് വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികളിപ്പോൾ. കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാനകള്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
കാവിലുംപാറ പഞ്ചായത്തിലെ കാട്ടാന ശല്യം നിയന്ത്രിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് സോജന് ആലക്കല്‍ പറഞ്ഞു. കെകെഎഎസ്എസ് പ്രവര്‍ത്തകരായ ജോയി പുളിക്കല്‍, വര്‍ഗീസ് കരിമത്തിയില്‍, ടോമി കറുകമാലി, മാത്യു കാരക്കട, ഐസന്‍ കടത്തല കുന്നേല്‍ എന്നിവര്‍ കൃഷി നശിപ്പിച്ച സ്ഥലം സന്ദര്‍ശിച്ചു.
ചിത്രം: പ്രതീകാത്മകം
Summary: Kavilumpara native farmers are struggling due to the attack of wild elephants