വൈകുന്നേരം അഞ്ച് മണിക്ക് പയ്യോളി ഹൈസ്‌കൂളില്‍ നിന്നും നല്ല ശബ്ദത്തില്‍ അലാറം മുഴങ്ങും, ആരും പേടിക്കേണ്ട! സംഗതി ഇതാണ്
പയ്യോളി: ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പയ്യോളി ഹൈസ്‌കൂളില്‍ നിന്നും ഒരു അലാറം മുഴങ്ങും, ആരും പേടിക്കേണ്ട, ഇതൊരു മുന്നറിയിപ്പ് സംവിധാനത്തിന്റെ ടെസ്റ്റ് ഡോസാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം ഇന്ന് നിലവില്‍ വരികയാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായുള്ള 91 ഇടങ്ങളില്‍ ഈ സൈറണ്‍ മുഴങ്ങും.
അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തിക്കാനുളള ‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് തയാറാക്കിയത്. കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം അഥവാ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനമാണിത്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തിക്കാന്‍ സമൂഹ്യ മാധ്യമങ്ങള്‍, എസ്എംഎസ് എന്നിവ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉപയോഗിക്കുന്നുണ്ട്. ഇവക്ക് പുറമെ ആണ് സൈറണ്‍ – സ്‌ട്രോബ് ലൈറ്റ് ശൃംഖലയുമാണ് വരാന്‍ പോകുന്നത്.