അടിപൊളി ഓണസദ്യയും ഒപ്പം ആഘോഷാരവങ്ങളോടെ കലാവിരുന്നും; നെസ്റ്റിലെ കുട്ടികള്‍ക്ക് മറക്കാനാവാത്ത ദിവസം സമ്മാനിച്ച് കൊയിലാണ്ടി ഗവ. കോളേജ് പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മയൊരുക്കിയ ‘കരുതലിന്റെ കൂട്ടോണം’


കൊയിലാണ്ടി: ഓണസമ്മാനവും കലാവിരുന്നും ഉഗ്രന്‍ സദ്യയുമായി കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1990 – 2000 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ട് അംഗങ്ങളെത്തിയപ്പോള്‍ കൊയിലാണ്ടി നെസ്റ്റിലെ കൂട്ടുകാര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമാണത് സമ്മാനിച്ചത്. നൃത്തവും പാട്ടും ആഘോഷവുമൊക്കെയായി ആകെ ഉത്സവ പ്രതീതിയിലായിരുന്നു അന്തരീക്ഷം.

കൊയിലാണ്ടി നെസ്റ്റുമായി ചേര്‍ന്ന് ‘കരുതലിന്റെ കൂട്ടോണം ‘ഓണാഘോഷ പരിപാടിയ്ക്കായാണ് കൂട്ട് അംഗങ്ങളെത്തിയത്. ഓണ സദ്യയും കൂട്ടിലെ സൗഹൃദങ്ങള്‍ അവതരിപ്പിച്ച തിരുവാതിരക്കളിയുമെല്ലാം കുട്ടികള്‍ ഏറെ ആസ്വദിച്ചു. തുടര്‍ന്ന് അശ്വിനിദേവ് നയിച്ച പാട്ടും പറിച്ചിലുമെന്ന ഗാനാലാപന പരിപാടി സദസ്സിന് വിരുന്നായി. ഗിറ്റാറില്‍ അബ്ദുള്‍ നിസാറും, അതുല്‍ദേവും മെലോഡിക്കയില്‍ ബാബുമലയില്‍, തബലയില്‍ നാസര്‍, മധുബാലന്‍ എന്നിവര്‍ അണിനിരന്നു. സരിത, സുധീഷ് ഗോവിന്ദ്, പ്രീത മഞ്ജു, ലിനി, ധന്യ, ഷിജിത്, ഗോമേഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നെസ്റ്റിലെ കുട്ടികളുടെ കലാമത്സര പരിപാടികളുമുണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് കൂട്ടിലെ അംഗങ്ങളായ നാല് വീട്ടമ്മമാര്‍ ചേര്‍ന്ന് എഴുതിയ നാലുമണി പൂക്കള്‍ എന്ന കവിതകളുടെ പുസ്തകപ്രകാശനം കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ നജീബ് മൂടാടിക്ക് നല്‍കി നിര്‍വ്വഹിച്ചു. കവിയും എഴുത്തുകാരനുമായ പ്രേമന്‍ മുചുകുന്ന് പുസ്തക പരിചയവും ജയശോഭ മറുമൊഴിയും നല്‍കി.

കരുതലിന്റെ കൂട്ടോണം പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത കവിയും ചിന്തകനുമായ കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂട്ട് സെക്രട്ടറി അനൂപ്.വി സ്വാഗതവും ട്രഷറര്‍ അനീഷ് നന്ദിയും രേഖപ്പെടുത്തി.

പ്രശസ്ത ചിത്രകാരന്‍ ഡോ: ലാല്‍ രഞ്ജിത്ത് നെസ്റ്റിലെ പ്രതിഭയായ അശ്വിനുമായി ചേര്‍ന്ന് നടത്തിയ ചിത്ര രചന ഏറെ ആവേശം കൊള്ളിച്ചു. നെസ്റ്റിനുളള സ്‌നേഹോപഹാരം വിജില പ്രശാന്ത് നെസ്റ്റ് സെക്രട്ടറി യൂനസിനും, കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ക്കുള്ള ഉപഹാരം നിയാര്‍ക്ക് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ നാസറും നല്‍കി.