കാര്‍ത്തികവിളക്ക് മഹോത്സവം; പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ ദൈവജ്ഞ പരിഷത്ത് ജ്യോതിഷശില്പശാല


കൊയിലാണ്ടി: കാര്‍ത്തിക വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നവംബര്‍ 27 ന് പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ ദൈവജ്ഞ പരിഷത്ത് ഏകദിന ജ്യോതിഷ ശില്പശാല സംഘടിപ്പിക്കുന്നു.

അന്‍പതോളം ജ്യോതിഷ പണ്ഡിതന്‍മാര്‍ ജ്യോതിഷ ശില്പശാലയില്‍ പങ്കെടുക്കും. ക്ഷേത്രവും ദേവ പ്രശ്‌നവും, ദേവപ്രശ്‌നത്തിന്റെ ആവശ്യകത, തമസ്സി ദ്രവ്യാണി ദീപ, ക്ഷേത്രജ്ഞന്‍ എന്നീ വിഷയങ്ങളെക്കുറിച്ച് പൂക്കാട് സോമന്‍പണിക്കര്‍, അഖിലേഷ് പണിക്കര്‍ ചേളന്നൂര്‍, എം.കെ രാധാകൃഷ്ണന്‍ പണിക്കര്‍ ബാലുശ്ശേരി, വിനോദ് പണിക്കര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മറ്റി അംഗം ലത പ്രസ്തുത പരിപാടിയും, കാര്‍ത്തികവിളക്ക് ആഘോഷ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. ‘സഹസ്രദീപ സമര്‍പ്പണം’ സുമേധാമൃത ചൈതന്യ( അമൃതാനന്ദമയിമഠം ) യുടെ ക്ഷേത്രാരാധന എന്ന വിഷയത്തില്‍
ആദ്ധ്യാത്മിക പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ , ആഘോഷ കമ്മറ്റിഭാരവാഹികളായ ശശി കോതേരി, യു.വി.ബാബുാജ് എന്നിവര്‍ അറിയിച്ചു.