ഓണത്തിന് വിഭവങ്ങളൊരുക്കാം ജൈവ പച്ചക്കറിയില്‍; പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉല്പന്നങ്ങളുമായി ചേമഞ്ചേരില്‍ കാര്‍ഷിക ചന്ത


ചേമഞ്ചേരി: ഓണത്തിന് സദ്യയൊരുക്കാന്‍ പച്ചക്കറി എവിടെ നിന്ന് വാങ്ങുമെന്ന ആശങ്കയിലാണോ? ജൈവ പച്ചക്കറിയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ചേമഞ്ചേരിയിലെ കര്‍ഷക ചന്തയിലേക്ക് പോകാം. ചേമഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഒരുക്കിയിരിക്കുന്ന കര്‍ഷക ചന്തയില്‍ എല്ലാതരം പച്ചക്കറികളും ലഭ്യമാണ്. അതും പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍.

സംസ്ഥാന കൃഷി വകുപ്പ് കേരളത്തില്‍ രണ്ടായിരത്തോളം കര്‍ഷക ചന്തകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചേമഞ്ചേരിയിലും കര്‍ഷക ചന്ത തുടങ്ങിയത്. ആദ്യ വില്പന പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വ്വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്തംഗം വി.എം.ജാനകി ഏറ്റുവാങ്ങി.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയന്‍, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ഷിബു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ അജ്‌നഫ്, പി ശിവദാസന്‍, രാജേഷ് കുന്നുമ്മല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി.വത്സല, കൃഷി ഓഫീസര്‍ വിദ്യാബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.