മഴ സീസണ്‍ ആസ്വദിക്കാന്‍ കര്‍ണാടകയിലേയ്ക്ക് പോകാന്‍ നില്‍ക്കുന്നവരാണോ; ടൂറിസം നിയന്ത്രിക്കാനൊരുങ്ങി കര്‍ണ്ണാടക സര്‍ക്കാര്‍, ഇ-പാസ് മാതൃക നടപ്പിലാക്കിയേക്കും


കര്‍ണാടക: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാരും. ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക കര്‍ണാടകയിലും വന്നേക്കുമെന്നാണ് സൂചന. വനങ്ങളിലും പര്‍വതപ്രദേശങ്ങളിലുമാണ് കര്‍ണാടക സര്‍ക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ ഇ-പാസ് നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് കര്‍ണാടക ടൂറിസം മന്ത്രി എച്ച്.കെ പാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കൂടാതെ വന്യമൃഗ സമ്പത്തിനെയും പശ്ചിമഘട്ട പ്രദേശങ്ങളെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് കര്‍ണാടക വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഒരു വിഭാഗത്തിന്റെ വാദം.

സഞ്ചാരികള്‍ അധികമായി വന്നാല്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാവുമെന്നും അത് സംസ്ഥാനത്തിന് കളങ്കമാവുമെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കുമാര പര്‍വതം ഉള്‍പ്പടെയുള്ള അതീവ പരിസ്ഥിതി ലോല മേഖലകളിലാണ് വലിയ തിരക്കനുഭവപ്പെട്ടത്. ഇത് മൂലം കുടക് ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രത്തില്‍ വലിയ ട്രാഫിക് ബ്ലോക്കുകളാണ് അനുഭവപ്പെട്ടത്.