സൈന്യത്തിൽ ചേരാനായുള്ള കഠിനമായ പരിശീലന കാലത്ത് കാൽപ്പന്തുകളിക്കിടെയുണ്ടായ അപകടം ജീവിതം കീഴ്മേൽ മറിച്ചു; കാരയാട് ഏക്കാട്ടൂർ തയ്യിന്നകണ്ടി ജിബിന് നമ്മുടെ സഹായം വേണം


കൊയിലാണ്ടി: ഫുട്ബോള്‍ കളിക്കിടെ അവിചാരിതമായി സംഭവിച്ച ഒരപകടം കാരയാട് ഏക്കാട്ടൂര്‍ തയ്യിന്നകണ്ടി ജിബിന്റെ ജീവിതം കീഴ്മേല്‍ മറിച്ചിരിക്കുകയാണ്. കളിക്കിടയില്‍ പന്ത് കൊണ്ട് തലയുടെ പിന്‍ഭാഗത്തേറ്റ ആഘാതം കാരണം ഈ യുവാവ് അഞ്ച് വര്‍ഷമായി കിടപ്പിലാണ്. ശരീരം ഭാഗികമായി തളര്‍ന്ന ജിബിന് ജീവിതം തിരിച്ചു പിടിക്കാന്‍ ഇനിയും നാളുകള്‍ വേണ്ടി വരും.

ദിവസം രണ്ടു നേരം രണ്ട് ഡോക്ടര്‍ ഇടവിട്ട് നടത്തുന്ന ഫിസിയോ തെറാപ്പിയിലൂടെ ശരീരത്തിന് ചലന ശേഷി കൈവരുന്നുണ്ടെങ്കിലും ചികില്‍സാ ഭാരം താങ്ങാന്‍ ഈ യുവാവിന്റെ കുടുംബത്തിനാവുന്നില്ല. കാരയാട് ഗിരീഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജിബിന്‍.

പതിനേഴാം വയസ്സില്‍ സൈന്യത്തില്‍ ചേരാനുളള ആഗ്രഹത്തില്‍ പരിശീലനവും ചിട്ടയാര്‍ന്ന വ്യായാമങ്ങളും നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് പന്ത് കൊണ്ടുളള ഇടിയില്‍ ശരീരം തളര്‍ന്നത്. 2017 ഒക്ടോബര്‍ ഒന്നിനായിരുന്നു അപകടം. പലവിധ ചികില്‍സ നടത്തിയെങ്കിലും കിടന്ന കിടപ്പില്‍ നിന്ന് എഴുന്നേറ്റ് വരാന്‍ തിയ്യതികളും മാസങ്ങളും ഏറെ വേണ്ടി വന്നു. പേരാമ്പയില്‍ ഐ.ടി.ഐ കോഴ്സിന് ചേര്‍ന്ന് പഠിക്കുമ്പോഴാണ് ദുരന്തമുണ്ടാകുന്നത്.പട്ടാളത്തില്‍ ചേരാനുളള സെലക്ഷന് പോകേണ്ട പത്ത് ദിവസം മുമ്പാണ് അപകടമുണ്ടായത്.

കൂലി തൊഴിലാളിയാണ് ജിബിന്റെ അച്ഛന്‍ ഗിരീഷ്. മകനെ പരിചരിക്കേണ്ടതിനാലും സ്ഥിരമായി ചികില്‍സ നടത്തേണ്ടതിനാലും ഗിരീഷിന് പണിക്ക് പോകാന്‍ കഴിയാതായി. അവനെ ഒന്ന് മാറ്റി കിടത്താനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിപ്പിക്കാനോ എപ്പോഴും അടുത്തുണ്ടാവേണ്ട സ്ഥിതി. നാട്ടുകാരും ബന്ധുക്കളും കയ്യയച്ച് സഹായം നല്‍കിയതിനാല്‍ ഇത്രയും നാള്‍ പിടിച്ചു നിന്നു.

ഏതാനും മാസങ്ങള്‍ കൂടി ഫിസിയോ തെറാപ്പി ചികിത്സ തുടര്‍ന്നെങ്കിലേ അല്‍പ്പാല്‍പ്പമായി ചലന ശേഷി തിരികെ കിട്ടുകയുളളു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ലഘു വ്യായാമങ്ങള്‍ മകനെ കൊണ്ട് ചെയ്യിപ്പിക്കുകയും വേണം. വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങി കൂടേണ്ടി വന്ന ജിബിനെ പുറം കാഴ്ചകളിലേക്ക് എത്തിച്ചാല്‍ മാനസികമായും ശാരീരികമായും ഉണര്‍വ്വേകുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവരുടെ വീട് റോഡില്‍ നിന്ന് 40 മീറ്ററോളം കുത്തനെ കയറ്റമുളള ഒരിടത്താണ്. വീട്ടിലേക്ക് കോണ്‍ക്രീറ്റ് പാതയെങ്കിലും ഒരുക്കിയാല്‍ മുചക്ര വാഹനത്തിലെങ്കിലും മകനെ പുറത്തിറക്കാന്‍ കഴിയുമെന്ന് ഈ അച്ചനും അമ്മയും പറയുന്നു.ചികില്‍സയ്ക്കായി ആസ്പത്രിയിലേക്ക് എത്തിക്കാനും പ്രയാസമാണ്.

ജിബിന്റെ ചികില്‍സയ്ക്കും കുടുംബ സഹായത്തിനുമായി നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. വി.ശിവദാസന്‍ (കണ്‍വീനര്‍), വി.അഷറഫ് (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി ചികില്‍സാ സഹായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സാമ്പത്തിക സഹായങ്ങള്‍ ബാങ്ക് ഓഫ് ബറോഡയുടെ നടുണ്ണൂര്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍: 68810100002774, ഐ.എഫ്.എസ്.സി: BARBOVJNADU, എം.ഐ.സി.ആര്‍: 673012023.