വീട് കാപ്പാട് കടല്‍ത്തീരത്തിനടുത്ത്, കടലിനെ തൊട്ടറിയാന്‍ സാധിക്കാത്ത വിഷമത്തില്‍ ജീവിതം; മനംനിറയെ കടല്‍ കാണണമെന്ന നിഷയുടെ ആഗ്രഹം 47-ാം വയസില്‍ സാക്ഷാത്കരിച്ച് ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: കാപ്പാട് കണ്ണന്‍കടവ് കടല്‍ത്തീരത്തിന് ഏതാണ്ട് നൂറുമീറ്റര്‍ അടുത്താണ് നിഷയുടെ വീട്. കടല്‍ത്തീര ഭംഗി ആസ്വദിക്കണമെന്ന നിഷയുടെ ആഗ്രഹം പൂര്‍ത്തിയാവാന്‍ നാല്‍പ്പത്തിയേഴ് വര്‍ഷമെടുത്തു. പോളിയോ ബാധിച്ച് കിടപ്പിലായ നിഷയുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കൂട്ടായതാകട്ടെ ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകരാണ്.

ഒന്നര വയസിലാണ് നിഷയ്ക്ക് പോളിയോ ബാധിച്ചത്. പതിമൂന്ന് വയസുവരെ വിവിധ ആശുപത്രികളിലായിരുന്നു ജീവിതം. പിന്നീടുള്ള കാലം വീട്ടില്‍ തളച്ചിടപ്പെട്ടു. അമ്മയും മറ്റൊരു ബന്ധുവും മാത്രമാണ് കൂട്ടിനുള്ളത്. അവരെ സംബന്ധിച്ച് മകളെ തീരംവരെ എത്തിക്കുകയെന്നത് ബുദ്ധിമുട്ടായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് നിഷയെ കാപ്പാട് ബീച്ചിലെത്തിച്ചത്. തിരമാലകളെ തൊട്ടറിഞ്ഞും തീരത്തെ കാഴ്ചകള്‍ അനുഭവിച്ചും നിഷ സായാഹ്നം ആസ്വദിച്ചു. വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോകുന്ന പ്രത്യേക വണ്ടിയില്‍ കയറ്റി സുഹൃത്തുക്കള്‍ നിഷയ്ക്കായി ഉല്ലാസ യാത്രയും ഒരുക്കി.

സുഹൃത്തുക്കള്‍ തന്നെ നയിച്ചത് അതിമനോഹരമായ കാഴ്ചകളിലേക്കാണ് എന്നാണ് നിഷ ഈ യാത്രയെക്കുറിച്ച് പറഞ്ഞത്. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചല്‍ സ്റ്റാര്‍സിന്റെ വാര്‍ഷികമാണ് ജീവിതത്തില്‍ നിഷ പങ്കെടുത്ത ഏക പൊതുപരിപാടി. നിഷയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രവര്‍ത്തകരായ സാബിറ കെ പാറക്കലും പ്രഭാകരന്‍ എളാട്ടേരിയും പ്രകാശനും ബിനേഷ് ചേമഞ്ചേരി, കോയ, മിനി, പ്രദീപന്‍ ചേര്‍ന്ന് നിഷയെ കാപ്പാടിന്റെ മനോഹര കാഴ്ചകളിലേക്ക് നയിച്ചത്.

ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ പ്രഭാകരന്‍ എളാട്ടേരിയും ചേര്‍ന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.