കാലില്‍ തറച്ച കുപ്പിച്ചില്ല് പുറത്തെടുത്ത് ഡ്രസ് ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആവശ്യപ്പെട്ടത് 45,000 രൂപ, അതിന് തയ്യാറാകാതെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ ആകെ ചെലവു വന്നത് ആയിരം രൂപ; അനുഭവം വിവരിച്ച് കാപ്പാട് സ്വദേശി
കൊയിലാണ്ടി: കാലില്‍ കുപ്പിച്ചില്ല് തറച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചുള്ള കാപ്പാട് വികാസ് നഗര്‍ സ്വദേശി അരവിന്ദന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു. കാലതാമസമില്ലാതെ ചികിത്സ കിട്ടുമെല്ലോ എന്നു കരുതി സ്വകാര്യ ആശുപത്രിയെ സമീപിച്ച തനിക്ക് ഏറെ സമയം അവിടെ കാത്തുകിടക്കേണ്ടി വന്നതിന്റെയും പണം നഷ്ടമായതിന്റെയും അനുഭവമാണ് അരവിന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
മരംവെട്ട് തൊഴിലാളിയായ അരവിന്ദന് ജോലിക്കിടെയാണ് പരിക്കേറ്റത്. കാലില്‍ കുപ്പിച്ചില്ല് കയറുകയായിരുന്നു. പൂക്കാടുള്ള ക്ലിനിക്കില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം അവിടുത്തെ ഡോക്ടര്‍ നിര്‍ദേശിച്ചതു പ്രകാരമാണ് കുറേക്കൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് അരവിന്ദന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കോഴിക്കോട് ഇഖ്ര ആശുപത്രിയില്‍ ചികിത്സയ്ക്കായി പോകാമെന്ന് കരുതിയ തങ്ങള്‍ ആംബുലന്‍സ് ഡ്രൈവറുടെ നിര്‍ദേശ പ്രകാരം മറ്റൊരു ആശുപത്രി തെരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
”അഭയം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ആയിരുന്നു വന്നത്. ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍ ആണെന്ന് പിന്നീട് ചോദിച്ചറിഞ്ഞു. എവിടേക്കാണ് പോവേണ്ടത് എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഇഖ്ര-ഹോസ്പിറ്റലിലേക്ക് എന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഏറ്റവും നല്ലത് മൈത്ര-ഹോസ്പിറ്റല്‍ പോകുന്നതാണ്’ എന്ന്. മുറിവിന്റെ വേദനയും, ടെന്‍ഷനും, വിഷമവും, മൈത്ര-ഹോസ്പിറ്റലിനെ പറ്റി അധികം അറിയാത്ത കാരണത്താലും ഞാനും എന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും വരുംവരായ്കകള്‍ ഒന്നും ഓര്‍ക്കാതെ സമ്മതം മൂളി.” അദ്ദേഹം പറഞ്ഞു.
ഇവിടെയെത്തി ഏറെ നേരെ കഴിഞ്ഞശേഷമാണ് കാലിന്റെ എക്‌സ്‌റേ വരെ എടുത്തതെന്നാണ് അരവിന്ദന്‍ ആരോപിക്കുന്നത്. കാലതാമസം സംബന്ധിച്ച് ജീവനക്കാരോട് പരാതപ്പെട്ടപ്പോള്‍ ഇവിടെ നിങ്ങള്‍ മാത്രമല്ല രോഗിയായെത്തുന്നത് എന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് ചികിത്സയ്ക്കായി വന്‍തുക ആവശ്യപ്പെട്ടപ്പോള്‍ മെഡിക്കല്‍ കോളേജിലേക്ക് പോകാമെന്ന് തീരുമാനമെടുക്കുകയാണുണ്ടായതെന്നും അരവിന്ദന്‍ പറഞ്ഞു.
”എക്‌സറേ പരിശോധിച്ച് രണ്ട് ഗ്ലാസ് കഷണങ്ങള്‍ ഉള്ളില്‍ തറച്ച് കിടപ്പുണ്ടെന്നും, അതില്‍ ഒന്ന് വലുതാണെന്നും പറഞ്ഞു. അവ എടുക്കാന്‍ നല്ല ബുദ്ധിമുട്ട് ആണെന്നും കാലിന്ന് അനസ്‌ത്രേഷ്യ നല്‍കി ചെയ്യണമെന്നും, എന്നിരുന്നാലും അഡ്മിറ്റ് ചെയ്യേണ്ടതില്ല എന്നും, എടുത്തു കഴിഞ്ഞ് മുറിവു ഡ്രസ്സ് ചെയ്ത് കഴിഞ്ഞാല്‍ ഇന്ന് തന്നെ വീട്ടില്‍ പോകാമെന്നും പറഞ്ഞു. ഇതിന്നായി 45000-രൂപ ആവുമെന്നും, ഓപ്പറേഷന്‍ ചെയ്യാന്‍ 4-മണിയൊക്കെ (വൈകുന്നേരം) കഴിയുമെന്നും പറഞ്ഞു. ഇത്രയുമായപ്പോള്‍ ഞങ്ങള്‍ ആലോചിച്ചു മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തീരുമാനിച്ചു.
അവരോട് വിവരം പറഞ്ഞപ്പോള്‍ എന്റെ ഒപ്പം ഉണ്ടായിരുന്ന ഷൈജുവിനെ ആശുപത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. 45000-രൂപയാവും എങ്കിലും നിങ്ങള്‍ക്ക് 35000-രൂപയ്ക്ക് ചെയ്തു തരാമെന്നും, ഈ തുക മുഴുവന്‍ ഇല്ലെങ്കില്‍ 13000-രൂപ അടച്ച് ബാക്കി തുക ബജാജ്‌പോലുള്ള ഏതോ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ പാസാക്കി തരാമെന്നും, 6-മാസ തവണകളായി അടച്ചു തീര്‍ത്താല്‍ മതിയെന്നും പറഞ്ഞു.”
തങ്ങള്‍ അതിനുവഴങ്ങാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുകയും അവിടെ വെച്ച് അധികം താമസിയാതെ തന്നെ ചികിത്സ ലഭിക്കുകയും ചെയ്‌തെന്നാണ് അരവിന്ദന്‍ പറയുന്നത്. ആയിരം രൂപയോളം മാത്രമേ അവിടെ ചികിത്സയ്ക്കായി ചെലവു വന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.
നാളെ തന്നെപ്പോലുള്ള സാധാരണക്കാര്‍ക്ക് ഇത്തരമൊരു അനുഭവം ആവര്‍ത്തിക്കരുത് എന്ന് കരുതിയാണ് ഈ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതെന്നാണ് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഏത് ആശുപത്രിയില്‍ ചികിത്സ തേടണമെന്നത് നമ്മള്‍ തീരുമാനിക്കേണ്ടതാണ്. അപകട സമയത്തെ ടെന്‍ഷനിടയിലും മറ്റും മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് തീരുമാനമെടുത്താല്‍ ചിലപ്പോള്‍ ഇതുപോലുള്ള അനുഭവങ്ങളായിരിക്കും ഫലമെന്നും അദ്ദേഹം പറയുന്നു.
അരവിന്ദന്റെ കുറിപ്പ് വായിക്കാം:
ഞാന്‍ അരവിന്ദന്‍. മരംവെട്ട് ജോലിക്കാരനായ എനിക്ക് 04-02-2023-ന് ശനിയാഴ്ച രാവിലെ 10-മണിയോടടുത്ത് ജോലിക്കിടെ ഗ്ലാസ്-കഷണം കാലില്‍ തറച്ച് ഒരു അപകടം സംഭവിച്ചു. കാലിന്ന് അടിയില്‍ നല്ല വലുപ്പത്തിലും ആഴത്തിലും ഉള്ള മുറിവ്. അടുത്തുള്ള ഹമീദ് ഡോക്ടറുടെ ക്ലിനിക്കില്‍ (പൂക്കാട്) എത്തി. താമസിയാതെ ഡോക്ടര്‍ പരിശോധിച്ച് മുറിവില്‍ നിന്ന് കുപ്പിച്ചില്ലിന്റെ പൊട്ടിയ കുറച്ചു കഷണങ്ങള്‍ എടുത്തു. ഉള്ളിലേക്ക് തുളച്ചുകയറിയ വേറേയും കഷണങ്ങള്‍ ആഴത്തില്‍ ഉണ്ടായിരുന്നത് എടുക്കുവാനുളള സജ്ജീകരണങ്ങള്‍ അവിടെ ഇല്ലാഞ്ഞതിനാല്‍ എത്രയും വേഗത്തില്‍ അത്തരം സജ്ജീകരണങ്ങളുള്ള ഹോസ്പിറ്റലില്‍ പോകാന്‍ കൃത്യതയോടെ നിര്‍ദ്ദേശിച്ചു.
സമയതാമസം ഇല്ലാതെ ചികില്‍സ കിട്ടും എന്നു കരുതി സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ ഞാനും, കൂടെയുണ്ടായിരുന്നവരും തീരുമാനിച്ചു.
അവിടെ നിന്ന് തന്നെ ആംബുലന്‍സ് വിളിക്കാന്‍ കൂടെയുള്ളവര്‍ പറഞ്ഞതു പ്രകാരം നേഴ്‌സ് വണ്ടി വിളിച്ചു വരുത്തിതന്ന് സഹകരിച്ചു.
അഭയം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് ആയിരുന്നു വന്നത്. ആംബുലന്‍സ് ഡ്രൈവര്‍ പ്രദീപന്‍ ആണെന്ന് പിന്നീട് ചോദിച്ചറിഞ്ഞു. എവിടേക്കാണ് പോവേണ്ടത് എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഇഖ്ര-ഹോസ്പിറ്റലിലേക്ക് എന്ന് ഞങ്ങള്‍ വ്യക്തമായി പറഞ്ഞു.
അപ്പോള്‍ അയാള്‍ പറഞ്ഞു ‘നിങ്ങള്‍ക്ക് ഏറ്റവും നല്ലത് മൈത്ര-ഹോസ്പിറ്റല്‍ പോകുന്നതാണ്’ എന്ന്.
മുറിവിന്റെ വേദനയും, ടെന്‍ഷനും, വിഷമവും, മൈത്ര-ഹോസ്പിറ്റലിനെ പറ്റി അധികം അറിയാത്ത കാരണത്താലും ഞാനും എന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ടുപേരും വരുംവരായ്കകള്‍ ഒന്നും ഓര്‍ക്കാതെ സമ്മതം മൂളി. മൈത്ര-ഹോസ്പിറ്റലില്‍ എത്തിച്ചശേഷം ഞങ്ങളെ ഇറക്കി 800-രൂപ വണ്ടിയുടെ ചാര്‍ജ്ജും വാങ്ങി ഡ്രൈവര്‍ പോയി.
തിരക്കേതുമില്ലാത്ത വിശാലമായ അഇഹാളിലേക്ക് കയറ്റി കിടത്തി ആതുരസേവകര്‍ കാര്യങ്ങള്‍ എല്ലാം ചോദിച്ച് മനസിലാക്കി. മുറിവിന്റെ കെട്ടഴിച്ച് പരിശോധിച്ച ശേഷം എക്‌സറേയും എടുത്തു. എക്‌സറേ എടുത്ത് ഏറെ സമയം കഴിഞ്ഞും ആരും വരാത്തതിനാല്‍ കാര്യം ആരാഞ്ഞപ്പോള്‍ അവടത്തെ ഒരു ആദുരസേവകയുടെ മറുപടി ‘ഇവിടെ നിങ്ങള്‍ മാത്രമല്ലല്ലോ രോഗി’ എന്നതായിരുന്നു. പിന്നീട് കുറേക്കൂടി കഴിഞ്ഞ് വീണ്ടും ഒരു എക്‌സറേ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയം വേദനയ്ക്കുള്ള ഇഞ്ചക്ഷന്‍ വയ്ക്കാനുള്ള മരുന്നുമായി ഒരാള്‍ വന്നു. ഇപ്പോഴേ ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയതാമസത്തെ പറ്റി ചിന്തിച്ച് ഞാന്‍ ഇപ്പോള്‍ ഇഞ്ചക്ഷന്‍ വേണ്ടെന്നും കുറച്ചു കഴിഞ്ഞ് മതിയെന്ന് പറഞ്ഞെങ്കിലും മരുന്നുകുപ്പി പൊട്ടിച്ച് പോയത്‌കൊണ്ട് വയ്ക്കണമെന്നായി അവര്‍. പിന്നീട് കുറേസമയം കൂടി കഴിഞ്ഞാണ് എക്‌സറേ റിസള്‍ട്ട് കിട്ടിയത്.
ഒരു ഡോക്ടര്‍ വന്ന് പരിശോധിച്ച് ‘ഓര്‍ത്തോ ഡോക്ടര്‍ വരണം, എന്നിട്ടേ പറയാന്‍ കഴിയൂ’ എന്ന് പറഞ്ഞു. വീണ്ടും കുറെ സമയം കഴിഞ്ഞാണ് ഓര്‍ത്തോ ഡോക്ടര്‍ വന്നത്. എക്‌സറേ പരിശോധിച്ച് രണ്ട് ഗ്ലാസ് കഷണങ്ങള്‍ ഉള്ളില്‍ തറച്ച് കിടപ്പുണ്ടെന്നും, അതില്‍ ഒന്ന് വലുതാണെന്നും പറഞ്ഞു. അവ എടുക്കാന്‍ നല്ല ബുദ്ധിമുട്ട് ആണെന്നും കാലിന്ന് അനസ്‌ത്രേഷ്യ നല്‍കി ചെയ്യണമെന്നും, എന്നിരുന്നാലും അഡ്മിറ്റ് ചെയ്യേണ്ടതില്ല എന്നും, എടുത്തു കഴിഞ്ഞ് മുറിവു ഡ്രസ്സ് ചെയ്ത് കഴിഞ്ഞാല്‍ ഇന്ന് തന്നെ വീട്ടില്‍ പോകാമെന്നും പറഞ്ഞു. ഇതിന്നായി 45000-രൂപ ആവുമെന്നും, ഓപ്പറേഷന്‍ ചെയ്യാന്‍ 4-മണിയൊക്കെ (വൈകുന്നേരം) കഴിയുമെന്നും പറഞ്ഞു.
ഇത്രയുമായപ്പോള്‍ ഞങ്ങള്‍ ആലോചിച്ചു മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തീരുമാനിച്ചു.
അവരോട് വിവരം പറഞ്ഞപ്പോള്‍ എന്റെ ഒപ്പം ഉണ്ടായിരുന്ന ഷൈജുവിനെ ആശുപത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. 45000-രൂപയാവും എങ്കിലും നിങ്ങള്‍ക്ക് 35000-രൂപയ്ക്ക് ചെയ്തു തരാമെന്നും, ഈ തുക മുഴുവന്‍ ഇല്ലെങ്കില്‍ 13000-രൂപ അടച്ച് ബാക്കി തുക ബജാജ്‌പോലുള്ള ഏതോ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണ്‍ പാസാക്കി തരാമെന്നും, 6-മാസ തവണകളായി അടച്ചു തീര്‍ത്താല്‍ മതിയെന്നും പറഞ്ഞു.
ഞങ്ങള്‍ അതിന് വഴങ്ങാതെ പോവാന്‍ തീരുമാനിച്ചു അവിടെ നിന്ന് ചികിത്സാ രേഖകള്‍ വാങ്ങി. അപ്പോഴെക്കും ഞങ്ങള്‍ക്ക് ഏറെ സമയവും, അവിടുത്തെ ബില്ലായ 3943-രൂപയും പോയിക്കിട്ടി.
ഞങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി. അവിടെ നിന്നും രക്തം, ഇ.സി.ജി, എക്‌സറേ തുടങ്ങിയവ എടുത്ത് പരിശോധിച്ച് സര്‍ജ്ജറി വാര്‍ഡായ ഒന്‍പതിലേക്ക് മാറ്റി. രാത്രി 10-മണിയോട്കൂടി സര്‍ജ്ജറിയിലൂടെ മുഴുവന്‍ കുപ്പി കഷണങ്ങളും എടുത്ത് തുണി വെച്ച്‌കെട്ടി 48-മണിക്കൂറിന് ശേഷമേ തുന്നി കെട്ടാന്‍ പറ്റൂ എന്ന് പറഞ്ഞു.
അങ്ങിനെ 04-02-2023-ന് രാത്രിമുതല്‍ 06-02-2023-ന് രാത്രിവരെ രണ്ടുദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. 06-02-2023-ന് രാത്രി 10-മണിക്ക് മുറിവ് തുന്നിയശേഷം ഡിസ്ചാര്‍ജ് ചെയ്തു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അതുവരേയുള്ള ആകെ ചിലവ് 1000-രൂപയോളം മാത്രം.
ഇത് എന്റെ അനുഭവം. ഇത് വായിക്കുന്ന നിങ്ങള്‍ക്കോ, നിങ്ങളുടെ ആരെങ്കിലുമോ ഇത്തരം ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ ആംബുലന്‍സ് വിളിക്കുമ്പോഴും, ഏത് ആശുപത്രിയിലേക്കാണ് പോവേണ്ടത് എന്ന് തീരുമാനമെടുക്കുമ്പോഴും ജാഗ്രത നല്ലതാണ് എന്നതാണ് എന്റെ പക്ഷം.
ഇത്തരം അവസരങ്ങളില്‍ എല്ലാവരും അല്ല, ചിലരെങ്കിലും നമ്മെ ചിലപ്പോള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയേക്കാം.
ചതിക്കുഴിയില്‍ വീഴാതിരിക്കുക?