തുടര്‍ച്ചയായി അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവിയില്‍ കാപ്പാട് ബീച്ച്; ബ്ലൂ ഫ്ലാഗ് ഉയര്‍ത്തി മന്ത്രി മുഹമ്മദ് റിയാസ്
കാപ്പാട്: കേരളത്തിലെ പ്രധാന വിനോദസഞ്ചാര ഡെസ്റ്റിനേഷനായ കാപ്പാട് ബീച്ചിനു അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത് അഭിമാനകരമായ നേട്ടമാണെന്നും അന്താരാഷ്ട്ര തലത്തില്‍ ലഭിച്ച അംഗീകാരം കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നും വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാപ്പാട് ബീച്ചില്‍ ബ്ലൂ ഫ്ലാഗ് ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാപ്പാട് ബീച്ചില്‍ മ്യൂസിയം സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചാം തവണയാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് ലഭിക്കുന്നത്. ഫൗണ്ടേഷന് ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജുക്കേഷനാണ് ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ലാഗ് പദവി നല്‍കുന്നത്. ശുദ്ധമായ ജലം, പരിസര ശുചിത്വം, സുരക്ഷ, പരിസ്ഥിതി പഠനങ്ങള്‍ തുടങ്ങിയ 33 ഓളം ശുചിത്വ പരിചരണ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ബ്ലൂ ഫ്ലാഗ് പദവി നല്‍കുന്നത്.
ഡി.ടി.പി.സിയും മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും സംയുക്തമായി വൈല്‍ഡ് ഓര്‍ക്കിഡുകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഡോ മിഥുന് മന്ത്രിക്ക് ഓര്‍ക്കിഡ് കൈമാറി. പരിസ്ഥിതിയിലെ മനുഷ്യ ഇടപെടലുകള്‍ കൊണ്ട് വംശനാശം സംഭവിക്കുന്ന ഓര്‍ക്കിഡുകളെ സംരക്ഷിക്കുന്നതിനോടൊപ്പം കാപ്പാട് ബീച്ച് സൗന്ദര്യ വത്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തീന് കോയ, ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ കെ കെ മുഹമ്മദ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗിരീഷ് കുമാര്‍ സ്വാഗതവും ടിടിപി സെക്രട്ടറി ടി നിഖില്‍ദാസ് നന്ദിയും പറഞ്ഞു.