”ഈ പ്രദര്‍ശങ്ങളിലൂടെ പേസ്‌മെന്ററി ആര്‍ട്ടിന്റെ സാധ്യതകള്‍ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്”; കാപ്പാട് ആര്‍ട്ട് ഗ്യാലറിയിലുണ്ട് ബാബു കൊളപ്പള്ളിയൊരുക്കിയ നൂലില്‍ തീര്‍ത്ത കലാരൂപങ്ങള്‍


കാപ്പാട്: വിവിധ വര്‍ണങ്ങളിലുള്ള പലതരം നൂലുകളില്‍ തീര്‍ത്ത ഇന്‍സ്റ്റലേഷനുകള്‍, കരകൗശല വസ്തുക്കള്‍, ചുവരുകളെ ഒരു പെയിന്റിങ് എത്രത്തോളം മനോഹരമാക്കുമോ അതുപോലെ മനോഹരമാക്കുന്ന ഡിസൈനുകള്‍ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയിലെ കാഴ്ചകളാണിത്. നമുക്ക് അത്ര പരിചിതമല്ലാത്ത പേസ്‌മെന്ററി വാള്‍ ഇന്‍സ്റ്റലേഷനുകളാണ് കാപ്പാട് കലാസ്വാദകരുടെ മനംകവരുന്നത്. സംരംഭകനും പേസ്‌മെന്ററി ആര്‍ട്ടിസ്റ്റുമായ ബാബു കൊളപ്പള്ളിയാണ് ഈ പ്രദര്‍ശനത്തിന് പിന്നില്‍.

 

നൂലിന്റെ കലാസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള കരകൗശല വേലയാണ് പേസ്‌മെന്റററി ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപത്തിന് ഇന്ത്യയില്‍ വേണ്ടത്ര പ്രചരണവും പ്രോത്സാഹനവും ലഭിച്ചിട്ടില്ലെന്നും ഇവിടെ കലാരൂപം പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബാബു കൊളപ്പള്ളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്ത്യയിലെ ഒരു യൂണിവേഴ്‌സിറ്റിയിലും പേസ്‌മെന്ററിയുമായി ബന്ധപ്പെട്ട ഒരുകോഴ്‌സുകളും ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സ്റ്റൈല്‍ വ്യവസായത്തിലും ഫാഷന്‍ രംഗത്തും ഇതുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് ഏറെ സാധ്യതയുണ്ട്. എന്നാല്‍ നിലവില്‍ ഈ കോഴ്‌സുകളിലൊന്നിലും പേസ്‌മെന്ററിയെക്കുറിച്ചുള്ള സിലബസ്സുകളില്ല. സാധാരണക്കാരായ ജനങ്ങള്‍ക്ക് പേസ്‌മെന്ററി എന്താണെന്ന ധാരണയുണ്ടാക്കിയെടുക്കുകയാണ് എക്‌സിബിഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ എട്ട് മുതലാണ് എക്‌സിബിഷന്‍ ആരംഭിച്ചത്. നൂലും അനുബന്ധ വസ്തുക്കളും കൈത്തറിയും സവിശേഷ മാതൃകയില്‍ കെട്ടിയും മെടഞ്ഞും പിരിച്ചുമുണ്ടാക്കുന്ന വസ്തുക്കള്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഫാഷന്‍ ഡിസൈനിങ്ങിനും ഹോം ഫര്‍ണിഷിങ്ങിനും മാറ്റ് കൂട്ടുന്നവയാണ്. പേസ്മെന്ററി മേഖലയില്‍ ബാബു കൊളപ്പള്ളിയുടെ നൂതന പരീക്ഷണമാണ് പേസ്മെന്ററി വാള്‍ ഇന്‍സ്റ്റലേഷന്‍.

കാപ്പാട് ബീച്ചിലെത്തുന്ന നിരവധി പേരാണ് ഈ കലാരൂപത്തെക്കുറിച്ച് മനസിലാക്കാനായി പ്രദര്‍ശന സ്ഥലത്തേക്ക് എത്തുന്നത്. നിലവില്‍ വില്‍പ്പന ഉദ്ദേശിച്ചിട്ടില്ലെങ്കിലും അത്യാവശ്യക്കാര്‍ക്ക് നല്‍കും. ഇതിലൂടെ വരുമാനം ലഭിക്കുകയാണെങ്കില്‍ അത് ചേമഞ്ചേരിയിലെ അഭയം ചാരിറ്റബിള്‍ സൊസൈറ്റിക്ക് നല്‍കുമെന്നും ബാബു വ്യക്തമാക്കി.

Summary: Kappad Art Gallery Babu Kolappally art exhibhition