വഴി തടഞ്ഞു, പ്രതിഷേധം നിർത്തിച്ചു, ചർച്ചയ്‌ക്കെന്നു പറഞ്ഞ് പോലീസ് 35 കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി; കാൺപൂർ സംഘർഷണത്തിൽ പരുക്കേറ്റവരെ കാണാനെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ക്കു നേരിടേണ്ടി വന്നത് നാടകീയ രംഗങ്ങൾ


കാൺപൂർ: ആദ്യം തടഞ്ഞു, പിന്നീട് തിരിച്ചു വിട്ടു. കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാൻ പോയ മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ കാത്തിരുന്നത് നടക്കിയമായ രംഗങ്ങളാണ്. പരിക്കേറ്റവരെ കാണാൻ അനുവദിക്കാതെ ഉത്തർ പ്രദേശ് പൊലീസ് ഇ.ടി യെയും സംഘത്തെയും തടഞ്ഞു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും, പരിക്കേറ്റ ജനങ്ങളെ കാണാൻ പൊലീസ് സമ്മതിച്ചില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഇന്നലെ അർദ്ധ രാത്രിയാണ് ഇ.ടി യുടെ നേതൃത്വത്തിലുള്ള സംഘം കാൺപൂരിലെത്തുന്നത്. യു.പി പൊലീസിനെയും ജയിൽ സൂപ്രണ്ടിനെയും അറിയിച്ച ശേഷമാണ് കാൺപൂരിലെത്തിയത് എന്ന് ഇ.ടി പറഞ്ഞു. ഇറങ്ങിയപ്പോൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടയുകയും ചർച്ച നടത്താമെന്ന് പറഞ്ഞ് അവരുടെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. 10 കിലോമീറ്റർ അകലെയുള്ള ഗസ്റ്റ് ഹൗസിലേക്ക് എന്ന് പറഞ്ഞാണ് വാഹനത്തിൽ കയത്തിയതെങ്കിലും വണ്ടി വീണ്ടും മുന്നോട്ടു പോവുകയായിരുന്നു ഒടുവിൽ ഇ .ടി ആവശ്യപ്പെട്ടു വാഹനം നിർത്തുമ്പോഴേക്കും വാഹനം 35 കിലോ മീറ്റർ പിന്നിട്ടിരുന്നു.

രാത്രി നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇതേത്തുടർന്ന് മുഹമ്മദ് ബഷീർ ഡൽഹിയിലേക്ക് മടങ്ങി.