രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം; കന്നൂർ നാടകദേശത്തിന്റെ ‘മറ്റൊന്നും തോന്നരുത്’ ഇന്ന് അരങ്ങിലെത്തുന്നു
കൊയിലാണ്ടി: കന്നൂരിലെ പ്രദേശിക നാടക കൂട്ടായ്മയായ ‘നാടകദേശം’ അണിയിച്ചൊരുക്കിയ മറ്റൊന്നും തോന്നരുത് എന്ന സാമൂഹ്യനാടകം ഫെബ്രുവരി 28 ന് അരങ്ങിലെത്തുന്നു. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചാണ് നാടകം അരങ്ങേറുക. ഒരു പ്രദേശത്തെ മുഴുവൻ കലാകാരന്മാരുടെയും രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് നാടകം അരങ്ങിലെത്തുന്നത്.
നാല് മാസത്തെ തീവ്രപരിശീലനത്തിന് ശേഷം 2020 മാർച്ച് 31ന് ആദ്യപ്രദർശനത്തിന് ഒരുങ്ങുമ്പോഴാണ് കോവിഡ് ലോക്ക്‌ഡൗൺ കാരണം അവതരണം മുടങ്ങിയത്. കഴിഞ്ഞ മാസം വീണ്ടും ആരംഭിച്ച പരിശീലനം കൊറോണ കാരണം രണ്ടു തവണ നിർത്തിവെക്കേണ്ടി വന്നെങ്കിലും എല്ലാം അതിജീവിച്ച് അവസാനഘട്ട പരിശീലനം ഞായറാഴ്ച പൂർത്തിയാക്കി.
കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചാണ് തിങ്കളാഴ്ച രാത്രി 8:3 0ന് നാടകം അവതരിപ്പിക്കുന്നത്. അഭിനയം, സാങ്കേതിക പ്രവർത്തനം, രംഗപടം, ചമയം, ഗാനരചന, ആലാപനം, സംഗീതം തുടങ്ങി അരങ്ങിലും അണിയറയിലും എല്ലാം തന്നെ കന്നൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്. പ്രദേശത്തെ മുപ്പത്തോളം കലാകാരന്മാരുടെ കൂട്ടായ പരിശ്രമം ഇതിനു പിന്നിലുണ്ട്.
മിക്ക പരിശീലന ദിവസങ്ങളിലും ഭക്ഷണവും മറ്റു സഹായങ്ങളും നൽകുന്നത് നാടകപ്രേമികളായ നാട്ടുകാരും പരിസരവാസികളുമാണ്. സംവിധായകൻ വിശ്വൻ നന്മണ്ട, സമിതി പ്രസിഡന്റ് ദേവദാസ് കടുക്കയിൽ, സെക്രട്ടറി കെ. പി. ശ്രീഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കൂട്ടായ്മയുടെ അഞ്ചാമത്തെ നാടകമാണിത്. ഇതോടൊപ്പം തന്നെ അടുത്ത നാടകത്തെപ്പറ്റിയുള്ള പ്രാഥമിക ചർച്ചകളും ഇവർ ആരംഭിച്ചു കഴിഞ്ഞു.