മദ്യപിച്ച് പൊതുവഴിയിൽ വാക്കുതർക്കം; പ്രശ്ന പരിഹാരത്തിനെത്തിയ കൊയിലാണ്ടി എസ്.ഐയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മുചുകുന്ന് സ്വദേശി


മുചുകുന്ന്: മദ്യപിച്ച് പൊതുവഴിയിൽ വൻ വാക്കുതർക്കം, പ്രശ്ന പരിഹാരത്തിനെത്തിയ പോലീസിനെ ആക്രമിച്ച് പ്രതി. ഇന്നലെ രാത്രി പത്തരയോടെ മുചുകുന്നിലാണ് സംഭവം.

മുചുകുന്ന് ഓട്ടുകമ്പിനിയുടെ സമീപം രണ്ടുപേർ തമ്മിൽ വാക്ക് തർക്കവും ഉപദ്രവും നടത്തുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്നാണ് പട്രോളിങ്ങിനിറങ്ങിയ കൊയിലാണ്ടി എസ്. ഐ രവീന്ദ്രൻ സംഭവ സ്ഥലത്തെത്തുന്നത്. മദ്യപിച്ചിരുന്ന ഇവർ തമ്മിലുള്ള തർക്കം നിർത്താനായി ചെന്നപ്പോഴാണ് മുചുകുന്ന് സ്വദേശി ജെറീഷ് എസ്.ഐ യെ ഉപദ്രവിച്ചത്.

ജെറീഷിന്റെ ആക്രമണത്തിൽ എസ്.ഐക്ക് മുഖത്തു പരുക്കേറ്റു. പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി. ചെവിക്കും പല്ലിനും കലശലായ വേദനയുണ്ടെന്നും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി അദ്ദേഹത്തെ ഡെന്റൽ കോളേജിലേക്ക് കൊണ്ടുപോകും.

അക്രമത്തെ തുടർന്ന് പ്രതിയെ പിടികൂടി ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റ് ചെയ്തു. അല്പസമയത്തിനുള്ളിൽ ജെറീഷിനെ കോടതിയിൽ ഹാജരാക്കും.