കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; പാന്റ്‌സിലും അടിവസ്ത്രത്തിലുമായി തേച്ചുപിടിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോയിലധികം സ്വർണ്ണവുമായി കണ്ണൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട . അബുദാബിയിൽ എത്തിയ കണ്ണൂർ സ്വദേശിയിൽ നിന്ന് ഒന്നര കിലോയിൽ അധികം സ്വർണം പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം.
വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ച് സ്വർണ്ണം അതി വിദഗ്ധമായി കടത്താൻ ശ്രമിക്കവേയാണ് ഇസുദ്ദീൻ പിടിയിലാവുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീന്‍ തന്റെ കയ്യില്‍ സ്വര്‍ണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു.പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.
പാന്റ്‌സിലും അടിവസ്ത്രത്തിലുമായി തേച്ച് പിടിപ്പിച്ച നിലയിലുള്ള സ്വര്‍ണ മിശ്രിതത്തിന് ഒന്നരകിലോയിലധികം ഭാരമുണ്ട്.
Summary: Kannur native arrested in karipur international airport while smuggling gold