കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം; വര്‍ണ്ണാഭമായ കുടമാറ്റം നാളെ, ഒപ്പം മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം


കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ നാളെ കുടമാറ്റം നടക്കും. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നാളെ ഗാനകോകിലം വൈക്കം വിജയലക്ഷ്മിക്ക് മൃത്യുഞ്ജയ പുരസ്‌കാരം സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിലെ നാട്യമണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്.

പരിപാടിയില്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ മുഖ്യാതിഥി ആയിരിക്കും. വൈകീട്ട് 6 മണിക്ക് അഞ്ച് ആനകള്‍ പങ്കെടുക്കുന്ന കുടമാറ്റം, കാഞ്ഞിലശ്ശേരി പത്മനാഭന്റെ മേള പ്രമാണത്തില്‍ നൂറിലധികം വാദ്യ പ്രതിഭകള്‍ ഒരുക്കുന്ന ആലിന്‍ കീഴ്‌മേളം എന്നിവ അരങ്ങേറും.

മാര്‍ച്ച് 7, 8 തിയ്യതികളില്‍ പ്രഭാത ഭക്ഷണം, പ്രസാദ ഊട്ട് എന്നിവ ഉണ്ടാവുന്നതാണ്. മാര്‍ച്ച് 8ന് ശിവരാത്രി ദിനത്തില്‍ രാവിലെ 10 മുതല്‍ ശിവദം – നൃത്താച്ചന നാട്യമണ്ഡപത്തില്‍ നടക്കും. അമ്പതോളം നര്‍ത്തകികള്‍ വൈകീട്ട് 5 വരെ തുടര്‍ച്ചയായി ശാസ്ത്രീയ നൃത്തങ്ങള്‍ അവതരിപ്പിക്കും.

ഇന്ന് രാത്രി നടത്താനിരുന്ന ഗാനമേള സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി സംഘാടക സമിതി, ഉത്സവാഘോഷ കമ്മിറ്റി എന്നിവര്‍ അറിയിച്ചു.