ജനകീയ ചര്‍ച്ചാ വേദിക്ക് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ അരങ്ങുണര്‍ന്നു


കൊയിലാണ്ടി: സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കുന്ന ജനകീയ ചര്‍ച്ചാ വേദി – സംവാദത്തിന് തുടക്കമായി. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയമാണ് പുതുമയാര്‍ന്ന പരിപാടിയുമായി രംഗത്തു വന്നത്.

‘കേരള നവോത്ഥാനത്തില്‍ ഗ്രന്ഥശാലകളുടെ പങ്ക് ‘എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍.ഉദയന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഗുരു മുതല്‍ ഇങ്ങോട്ടുള്ള നവോത്ഥാന നായകരെല്ലാം അക്ഷരത്തെ ആയുധമായി കാണാന്‍ ആഹ്വാനം ചെയ്തു.
ഈ ആയുധങ്ങളുടെ കലവറയാണ് ഓരോ ഗ്രാമീണ ഗ്രന്ഥശാലയും. ഇവയുടെ ജൈവാവസ്ഥയെ തകിടം മറിക്കുന്നതിനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നു വരുന്നു. ഇതിനെതിരെ ഓരോ ഗ്രസ്ഥശാലാ പ്രവര്‍ത്തകനും ജാഗ്രത്തായിരിക്കണമെന്നും
അദ്ദേഹം ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച മുതല്‍ രാത്രി 9 മണിക്ക് ഓരോ വീട്ടിലും ഒന്നിടവിട്ട ദിവസങ്ങളില്‍ സംവാദം നടക്കും. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ് പരിപാടിക്ക് അഭിവാദ്യം നേര്‍ന്നു സംസാരിച്ചു. ബോധി പ്രസിഡണ്ട് ഡോ.എന്‍. വി. സദാനന്ദന്‍, ഇ. അനില്‍കുമാര്‍, സൗദാമിനി ടീച്ചര്‍,നിമിഷ പത്മനാഭന്‍, വിപിന്‍ ദാസ്. വി.കെ. സ്വാമിദാസന്‍ എന്നിവര്‍ സംസാരിച്ചു.