വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും തയ്യാര്‍; കര്‍ക്കിടവാവ് ബലി തര്‍പ്പണത്തിനായി വിപുലമായ ഒരുക്കങ്ങളുമായി കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രം
കൊയിലാണ്ടി: കര്‍ക്കിടവാവ് ബലി തര്‍പ്പണത്തിനായി കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് മൂന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിമുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. സുഖലാലന്‍ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പിതൃബലിതര്‍പ്പണം.
ചടങ്ങ് നടക്കുന്ന ക്ഷേത്രം മോക്ഷതീരത്ത് നവീകരണ പ്രവൃത്തികള്‍ നടത്തി. പൊലീസ്, ഫയര്‍ഫോഴ്‌സ്, മെഡിക്കല്‍ സഹായം, ആംബുലന്‍സ് എന്നീ സൗകര്യങ്ങള്‍ ഒരുക്കും. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യങ്ങളും ലഭ്യമാണ്.
ക്ഷേത്രത്തിന് സമീപത്തുനിന്നും മോക്ഷതീരത്തേക്കുള്ള വരികളിലൂടെയാണ് ബലിതര്‍പ്പണ കൗണ്ടറുകളിലേക്ക് ഭക്തജനങ്ങളെ കടത്തിവിടുക. ബലിതര്‍പ്പണത്തിനുശേഷം കുളിക്കുന്നതിനുള്ള സൗകര്യവും ക്ഷേത്രം ഭാരവാഹികള്‍ ഏര്‍പ്പാട് ചെയ്യും. പിതൃക്കള്‍ക്കായി ചെയ്യുന്ന പ്രത്യേക വഴിപാടായ തിലഹോമം കഴിപ്പിക്കുന്നതിനായി ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കും.