‘മൂടാടിയില്‍ കണ്ടത് കെ-റെയില്‍ വിരുദ്ധ സമരം പരാജയപ്പെടുന്നതിനാലുള്ള ഹാലിളക്കം, ജനങ്ങള്‍ സില്‍വര്‍ലൈനിന് അനുകൂലം’; എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ കൊയിലാണ്ടി എം.എല്‍.എയുടെ വാഹനം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കാനത്തില്‍ ജമീല. കെ-റെയില്‍ വിരുദ്ധ സമരം പരാജയപ്പെടുമെന്ന വെപ്രാളം കൊണ്ടുള്ള ഹാലിളക്കമാണ് ഇന്ന് മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കണ്ടതെന്ന് എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും സില്‍വര്‍ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എയുടെ വാക്കുകള്‍:
കെ-റെയില്‍ വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണം സജീവമായി നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് നന്തിയിലെ വീടുകളാണ് സന്ദര്‍ശിച്ചത്. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. എല്ലാ വീടുകളില്‍ നിന്നും സില്‍വര്‍ലൈനിന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.
ഈ ഭാഗത്തെ വീടുകളില്‍ കയറിയ ശേഷമാണ് മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള കുടുംബശ്രീയുടെ തീരമൈത്രി ഹോട്ടലിന്റെ ഉദ്ഘാടനത്തിനായാണ് എത്തിയത്. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ നിശ്ചയിച്ച പരിപാടിയാണ് ഇത്. ഇതറിഞ്ഞ് കൊണ്ടാണ് സമരക്കാര്‍ ഇന്നത്തെ ദിവസം തന്നെ പഞ്ചായത്ത് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്.
ഉദ്ഘാടനത്തിനായി ഹോട്ടലിലേക്ക് കയറുമ്പോഴാണ് കെ-റെയില്‍ വിരുദ്ധ സമരക്കാര്‍ അടുത്തേക്ക് വന്ന് ‘എം.എല്‍.എ ഗോബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചത്. മോശമായ പല മുദ്രാവാക്യങ്ങളും സമരക്കാര്‍ വിളിച്ചിരുന്നു. ഇതില്‍ ഇടപെടരുതെന്ന് തനിക്കൊപ്പമുള്ളവരോട് പറഞ്ഞിരുന്നു.
ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുകയും അവര്‍ സില്‍വര്‍ലൈനിനെ അനുകൂലിക്കുകയും ചെയ്യുന്നതോടെ സമരം പരാജയപ്പെടുമെന്ന ഭീതി കൊണ്ടാണ് സമരക്കാര്‍ കരുതിക്കൂട്ടി ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നത്. എം.എല്‍.എ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും പോകേണ്ട ആളാണ്. എം.എല്‍.എയെ തടയുന്നത് ശരിയായ രീതിയല്ല.
സില്‍വര്‍ലൈന്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വികസന പദ്ധതിയാണ്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതികളുടെ ഉദാഹരണം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. വീടുകള്‍ കയറിയിറങ്ങുമ്പോള്‍ സ്ഥലം വിട്ടുനല്‍കാന്‍ മടിയില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം മാത്രമാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്.