ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന; പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ


പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് ചുറ്റുംമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാല്‍ കുട്ടികളുടെ സംരക്ഷണത്തിന് സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും അത്യാവശ്യമാണെന്ന് സ്‌കൂള്‍ പി.ടി.എ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എം.എല്‍.എ ഇന്ന് സ്‌കൂള്‍ സന്ദര്‍ശിച്ചതും മതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയതും.

നിരവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ സ്‌കൂളില്‍ നടന്നുവരുന്നത്. വിദ്യഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. സംസ്ഥാന ബജറ്റില്‍ മൂന്നുകോടി രൂപ അനുവദിച്ച പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉടനെ ആരംഭിക്കാനുമാവും. ഇതോടൊപ്പം തന്നെ ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും പ്രവൃത്തി നടത്താനാവും. അതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും പണമനുവദിക്കുമെന്നാണ് എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പ് നല്‍കിയത്.

പ്രവൃത്തിക്ക് ആവശ്യമായ തുക വകയിരുത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റും ഡി.പി.ആറും തയ്യാറാക്കുന്നതിന് പി.ഡബ്യൂ.ഡി എഞ്ചിനീയറെ ചുമതലപ്പെടുത്തി. പി.ഡബ്യൂ.ഡി എഞ്ചിനീയര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.