മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ല, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഷിദയ്‌ക്കൊപ്പം; കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: മാധ്യമപ്രവര്‍ത്തക ഷിദ ജഗതിനോട് ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം അറിയാതെ വന്ന പിഴവല്ലെന്ന് കൊയിലാണ്ടി എം.എല്‍.എയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല. ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനുള്ള ഷിദയുടെ തീരുമാനത്തിനൊപ്പമാണ് മഹിളാ അസോസിയേഷനെന്നും അവര്‍ വ്യക്തമാക്കി.

”സുരേഷ് ഗോപി ഷിദ ചോദിച്ചത് ഷിദ സ്വാഭാവികമായിട്ടും ഒരു മാധ്യമപ്രവര്‍ത്തക ചോദിക്കേണ്ടുന്ന ചോദ്യമാണ്. ആദ്യം തോളിലേക്ക് കൈവെക്കുന്നത് നമ്മളെല്ലാം കണ്ടതാണ്. അപ്പോള്‍ തന്നെ അവര്‍ പിന്നിലേക്ക് മാറുകയും ചെയ്തു. കൈവച്ചുകൊണ്ട് മോളേ എന്ന് വിളിച്ച് ചോദിക്കുന്നതിലും നോട്ടത്തിലും എല്ലാം ഒരു പ്രത്യേകതയുണ്ടെന്ന് കാണുന്ന നമുക്ക് തോന്നുന്നുണ്ട്. രണ്ടാമതും തോളിയിലേക്ക് കൈവെച്ചപ്പോഴാണ് ഷിദ കൈ തട്ടിമാറ്റിയത്. ആദ്യത്തേത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതിയാലും വീണ്ടും അത് ആവര്‍ത്തിക്കുമ്പോള്‍ ഇത് അറിഞ്ഞുകൊണ്ട് ചെയ്തത് തന്നെയാണ്.” കാനത്തില്‍ ജമീല പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കൂടെ മാപ്പു പറഞ്ഞുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് ഷിദ അറിയിച്ചിട്ടുണ്ട്. ഷിദയ്‌ക്കൊപ്പമാണ് മഹിളാ അസോസിയേഷനും എല്ലാ സ്ത്രീകളും. ഒരു പുരുഷന്റെ ഭാഗത്തുനിന്നും പ്രത്യേകിച്ചും ഒരു പൊതുപ്രവര്‍ത്തകന്റെ ഭാഗത്തുനിന്നും ഇത്തരം പെരുമാറ്റം ഉണ്ടാവാന്‍ പാടില്ല. ഒരു പ്രവര്‍ത്തകന്‍ വളരെ ശ്രദ്ധയോടെ അച്ചടക്കം പാലിച്ചുകൊണ്ടുവേണം സംസാരിക്കാന്‍. എം.പിയായ ആളാണ് സുരേഷ് ഗോപി. അത്തരമൊരു വ്യക്തിയില്‍ നിന്നും ഒരിക്കലും ഇത്തരം പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലെന്നും കാനത്തില്‍ ജമീല വ്യക്തമാക്കി.