അരി, പഞ്ചസാര, മുളക്, ചെറുപയര്‍…. പതിനൊന്ന് സാധനങ്ങള്‍ക്ക് സപ്ലൈക്കോ വിലയില്‍; കീശചോരാതെ ഓണം കളറാക്കാന്‍ കൊയിലാണ്ടിയിലെ കളള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന്റെ ചന്തയിലേക്ക് പോന്നോളൂ


കൊയിലാണ്ടി: അവശ്യസാധനങ്ങള്‍ സബ്‌സിഡി വിലയില്‍ ലഭ്യമാക്കി കൊയിലാണ്ടി താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘത്തിന്റെ ഓണച്ചന്ത. റെയില്‍വേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡില്‍ ചെത്തുതൊഴിലാളി സഹകരണ സംഘം ഓഫീസിന് സമീപത്താണ് ചന്ത നടക്കുന്നത്.

അരി, പഞ്ചസാര, മുളക്, ചെറുപയര്‍, പച്ചരി, ഉഴുന്ന്, തുവരപരിപ്പ്, കടല, വന്‍പയര്‍, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ പതിനൊന്ന് സാധനങ്ങള്‍ മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന സബ്‌സിഡി വിലയില്‍ ലഭിക്കും. ഇതുള്‍പ്പെടെ ഇരുപത്തിരണ്ടോളം സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ചന്തയില്‍ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതര മുതല്‍ വൈകുന്നേരം ആറുമണിവരെ ചന്തയിലെത്തി സാധനങ്ങള്‍ വാങ്ങാം. റേഷന്‍കാര്‍ഡോ മറ്റോ ആവശ്യമില്ല. സെപ്തംബര്‍ 14 വരെ ഓണചന്ത പ്രവര്‍ത്തിക്കുമെന്ന് സൊസൈറ്റി സെക്രട്ടറി എന്‍.സുജിത പറഞ്ഞു.

ഓണച്ചന്ത നഗരസഭ ചെയര്‍പേഴസന്‍ സുധ കിഴക്കെപ്പാട്ട് ഓണചന്ത ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണചന്തകള്‍ പൊതുമാര്‍ക്കറ്റിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഏറെ സഹായിക്കുന്നുണ്ടെന്ന് സുധ കിഴക്കെപ്പാട്ടില്‍ പറഞ്ഞു. സഹകരണ സംഘങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഇതെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.സൊസൈറ്റി പ്രസിഡണ്ട് ടി.കെ.ജോഷി അധ്യക്ഷത വഹിച്ചു.

Summary: Kallu Cheth Industrial Workers Cooperative Society onam chantha in koyilandy