ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്


top1] വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്കൊണ്ട് മാതൃകകൾ തീർത്ത ക്ഷേത്രമാണ്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ ക്ഷേത്രം സംഭാവന നൽകിയിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി വികേഷ്.എം.കെ, വി.ടി.ബാലൻ മാസ്റ്റർ, കെ.ശ്രീജിലാൽ, നിജിൽ.എം, മേഖല സെക്രട്ടറി ശ്രീനിഷ്, സുജിൻ.എം, ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മലയിൽ രാജൻ, സാദനന്ദൻ മാസ്റ്റർ, കെ.എം.അശോകൻ എന്നിവർ പങ്കെടുത്തു.