കുട്ടിക്കഥകളും കവിതകളുമായി സായിശ്വേത ടീച്ചര്‍; കുട്ടികളില്‍ ആവേശം പകര്‍ന്ന് പൂക്കാട് കലാലയം ഒരുക്കിയ ‘കളിആട്ടം’ ക്യാമ്പ്


കൊയിലാണ്ടി: പൂക്കാട് കലാലയം ഒരുക്കിയ കളിആട്ടം ക്യാംപില്‍ കഥകളും കവിതകളുമായി എത്തി കൊവിഡ് കാലത്ത് വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ അധ്യാപനത്തില്‍ താരമായ സായി ശ്വേത ടീച്ചര്‍. തുടര്‍ന്ന് പ്രശസ്ത നാടക പ്രവര്‍ത്തകരായ കെ.വി.വിജേഷും കബനിയും സംഗീതോപകരണങ്ങളും പാട്ടുകളുമായി കുട്ടികളെ ആവേശഭരിതരാക്കി.

നടന്ന പരിപാടിയില്‍ ഡോ. അഭീഷ് ശശിധരന്‍, ഗീത കെ. എസ്. രംഗപ്രഭാത് എന്നിവര്‍ കുട്ടികളുമായി നാടകാനുഭവങ്ങള്‍ പങ്കിട്ടു. പ്രശസ്ത പാവനാടക വിദഗ്ദന്‍ പാവ നിര്‍മ്മാണത്തെക്കുറിച്ചും അവതരണത്തെക്കുറിച്ചും കുട്ടികള്‍ക്ക് പരിശീലനവും നല്‍കി.

തുടര്‍ന്ന് ‘കളിആട്ടം’ നാടകക്യാംപിന്റെ ഭാഗമായ നാടകോത്സവത്തില്‍ ഡോ. അഭീഷ് ശശിധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് തിരുവനന്തപുരം രംഗപ്രഭാത് അവതരിപ്പിച്ച ‘പട്ടങ്ങള്‍, സാഹസികരായ കുഞ്ഞുറുമ്പുകള്‍’ എന്ന നാടകം അരങ്ങേറി. കൂടാതെ എം.കെ മനോഹരന്റെ രചനയില്‍ മനോജ് നാരായണന്‍ സംവിധാനം നിര്‍വ്വഹിച്ച് കോഴിക്കോട് സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ‘കവിത’ എന്ന നാടകവും നിറഞ്ഞ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.