‘കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം’; കക്കുകളി നാടകത്തിന് വേദിയായി മേപ്പയ്യൂർ


മേപ്പയ്യൂർ: വിവാദമായ കക്കുകളി നാടകത്തിന് വേദിയായി മേപ്പയ്യൂരിലെ ടി.കെ. കൺവെൻഷൻ സെന്റർ. റെഡ്സ്റ്റാർ മേപ്പയൂരിന്റെ നേതൃത്വത്തിലാണ് നാടകത്തിന് വേദി ഒരുക്കിയത്. പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്‌കാരം നേടിയ തൊട്ടപ്പന്‍ എന്ന കഥാസമാഹാരത്തിലെ കഥായിരുന്ന ‘കക്കുകളി’യുടെ സ്വതന്ത്രാവിഷ്‌കാരമായിരുന്നു നാടകം. നാടക പ്രവര്‍ത്തകന്‍ ജോബ് മഠത്തിലായിരുന്നു ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്.

കന്യാസ്ത്രീ മഠത്തിലെത്തിപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ കഥയാണ് നാടകത്തിന്റെ പ്രമേയം. പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തില്‍ നാടകം ചിട്ടപ്പെടുത്തിയത്. പുന്നപ്ര പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ ഭാഗമായ നെയ്തല്‍ നാടക സംഘമായിരുന്നു ‘കക്കുകളി’ അവതരിപ്പിച്ചത്.

‘കക്കുകളി’ക്കെതിരേ വലിയ പ്രതിഷേധമായിരുന്നു നേരത്തെ ഉയര്‍ന്നിരുന്നത്. നാടകം കളിക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദികരുടേയും കന്യാസ്ത്രീകളുടേയുമെല്ലാം നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. നാടകം കന്യാസ്ത്രീ മഠങ്ങളെ മനപൂര്‍വം അപമാനിക്കാനുള്ളതായിരുന്നുവെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. തുടർന്ന് നാടകത്തിന്റെ പ്രദർശനം താത്ക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇതാണ് മേപ്പയ്യൂരിൽ അവതരിപ്പിച്ചത്. ടിക്കറ്റ് നിരക്കിൽ പ്രദർശനത്തിനെത്തിയ നാടകം കാണാൻ നിരവധി പേരാണ് എത്തിയത്.

Summary: Kakukali dram awas played in  Mepayyur