കക്കയം ഡാമും ഉരക്കുഴി വെള്ളച്ചാട്ടവും കൺകുളിർക്കെ കാണാം; മഴയെ തുടർന്ന് അടച്ചിരുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രം ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും


കൂരാച്ചുണ്ട്: കനത്ത മഴയെ തുടർന്ന് അടച്ചിട്ട കക്കയം ഡാം സൈറ്റില്‍ പ്രവർത്തിക്കുന്ന കെ.എസ്‌.ഇ.ബിയുടെ ഹൈഡല്‍ ടൂറിസം കേന്ദ്രവും വനം വകുപ്പിന്‍റെ ഉരക്കുഴി ഇക്കോ ടൂറിസം കേന്ദ്രവും കളക്ടറുടെ ഉത്തരവ് പ്രകാരം ഇന്നുമുതല്‍ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് കക്കയം ഡാം സൈറ്റിലേക്കുള്ള റോഡിൽ കൂറ്റൻ പാറക്കല്ലുകൾ വീഴുകയും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടാകുകയും ചെയ്തിരുന്നു. മഴ ശമിച്ച സാഹചയത്തിലാണ് ടുറിസം കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. മഴയെ തുടർന്ന് അടച്ചിരുന്ന കരിയാത്തൻ പാറ, തോണിക്കടവ് ടൂറിസം കേന്ദ്രങ്ങൾ നേരത്തെ തുറന്നിരുന്നു. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ് കക്കയം കരിയാത്തൻ പാറ പ്രദേശങ്ങൾ. അവധി ദിവസങ്ങളിൽ ഉൾപ്പടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.