ഉരക്കുഴിയിലെ ഇരുമ്പ് തൂക്കുപാലം അവശിഷ്ടമായി, ഇരിക്കാനും സ്ഥലമില്ല, സഞ്ചാരികളോട് വാങ്ങുന്ന പൈസയുടെ കാര്യത്തിലേ ഉള്ളൂ കാലാനുസൃതമായ വികസനം’; കക്കയം കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടമായി മാറിയപ്പോള്‍ സഞ്ചാരികള്‍ക്ക് സൗകര്യമില്ലെന്ന് പരാതി


കക്കയം: കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട കക്കയം ഡാം തുറന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം കൊയിലാണ്ടി ന്യൂസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തകണ്ട് കക്കയത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പോയ യാത്രക്കാര്‍ക്ക് പറയാനുണ്ടായിരുന്നത് അവിടെ സഞ്ചാരികള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും അത് ആസ്വദിക്കാനുള്ള സൗകര്യമില്ലെന്നും മുമ്പുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചിരിക്കുകയാണെന്നുമാണ് കൊയിലാണ്ടിയില്‍ നിന്നുള്ള സഞ്ചാരികള്‍ പറഞ്ഞത്.


മഴയത്ത് യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ?; കക്കയം ഇക്കോ ടൂറിസം തുറന്നു, ടൂറിസ്റ്റുകള്‍ക്ക് സ്പീഡ് ബോട്ട് യാത്രയും നടത്താം


പ്രകൃതി ഭംഗിയുടെ പറുദീസയാണെങ്കിലും സഞ്ചാരികള്‍ക്ക് അത് ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്ന കാര്യത്തില്‍ കക്കയം ഇപ്പോഴും ഏറെ പിന്നിലാണ്. അതേസമയം സഞ്ചാരികളോട് കണക്കുപറഞ്ഞ് കാശുവാങ്ങുന്ന കാര്യത്തില്‍ കെ.എസ്.ഇ.ബിയും വനംവകുപ്പും ഒന്നിനൊന്ന് മെച്ചവുമാണ്. യാത്രികര്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാന്‍ സൗകര്യമൊരുക്കാത്തിടത്ത് എന്തിനാണ് ഇത്രയേറെ ഫീസ് വാങ്ങുന്നതെന്നാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ ചോദിക്കുന്നത്.

ഉരക്കുഴിയിലെ ഇരുമ്പ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കക്കയം ഡാം സൈറ്റിലേക്ക് റോഡില്‍ ഇവിടെ എത്തുന്നതിന് നാലുകിലോമീറ്റര്‍ ഇപ്പുറത്തുവെച്ച് ഒരു വാഹനത്തിന് 50 രൂപയെന്ന നിലയില്‍ ഫോറസ്റ്റ് അധികൃതര്‍ പണം പിരിക്കുന്നുണ്ട്. ഡാം സൈറ്റില്‍ ആളൊന്നിന് 20 രൂപയും വാഹനമുണ്ടെങ്കില്‍ ചെറുവാഹനങ്ങള്‍ക്ക് 20രൂപയും 30രൂപയും വലിയ വാഹനങ്ങള്‍ക്ക് 50 എന്ന നിരക്കിലും പിന്നെയും പണം നല്‍കണം.

ഈ തുകയെല്ലാം നല്‍കി ഡാം സൈറ്റിലെത്തിയാല്‍ സ്വസ്ഥമായി അല്പമിരുന്ന് വിശ്രമിക്കാന്‍ പോലും ഇരിപ്പിട സൗകര്യമില്ല. സ്പീഡ് ബോട്ടാണ് ആകെ യാത്രികര്‍ക്ക് പ്രത്യേകമായുള്ള സൗകര്യം. ഡാം സൈറ്റിലേക്ക് വ്യൂ കിട്ടുന്ന തരത്തില്‍ ഇരിക്കാന്‍ കഴിയുന്ന മരത്തിന്റെ ഭംഗിയുള്ള ഇരിപ്പിടങ്ങള്‍ കുറച്ചുകാലം മുമ്പ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകര്‍ന്നിരിക്കുകയാണ്. പുതുക്കിപണിയാനുള്ളതൊന്നും ചെയ്തിട്ടുമില്ല.

നേരത്തെയുണ്ടായിരുന്ന ഇരിപ്പിടങ്ങളാണിത്. ഇപ്പോഴിത് കാടുമൂടിയ നിലയിലാണ്.

ഡാമിന്റെ കാഴ്ചകള്‍ 50മീറ്റര്‍ ദൂരെ മാറിനിന്നുവേണം കാണാന്‍, ഡാമിനടുത്തുള്ള റോഡിലേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല. സുരക്ഷിതമായി ഡാം കാഴ്ചകള്‍ കാണാനുള്ള സൗകര്യം ഇക്കാലത്തിനിടെ ഒരുക്കിയിട്ടുമില്ല.

ഡാമില്‍ നിന്നും വനമേഖലയിലൂടെ രണ്ടുകിലോമീറ്റര്‍ നടന്നാല്‍ ഉരക്കുഴിയിലെത്താം. ഉരക്കുഴിയുടെ മനോഹാരിതയാകെ ആസ്വദിക്കാന്‍ കഴിയുംവിധം മുമ്പ് ഇവിടെയൊരു ഇരുമ്പിന്റെ തൂക്കുപാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ദ്രവിച്ച് തകര്‍ന്ന് അവശിഷ്ടം മാത്രമേ ബാക്കിയുള്ളൂ. ഇതിനടുത്തായി ഇരുമ്പിന്റെ ബാരിക്കേഡുണ്ട്. ഇവിടെ നിന്ന് കാണാനുള്ളതൊക്കെ കണ്ടാല്‍ മതിയെന്ന തരത്തിലാണ് അധികൃതര്‍. ഇരുമ്പുപാലത്തില്‍ നിന്നുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമായ അനുഭവമാണ്. അഞ്ഞൂറ് അടി താഴ്ചയിലേക്ക് വെള്ളം ഒഴുകുന്നത് കാണാമായിരുന്നു. എന്നാലിപ്പോള്‍ ഈ കാഴ്ച കാണാമറയത്താണ്.

വിനോദ സഞ്ചാരത്തിന് വളരെയേറെ സാധ്യതകളുള്ള ഇടമാണ് കക്കയം. സ്വിറ്റ്‌സര്‍ലാന്‍ഡിനെ അനുകരിക്കുന്ന തലത്തിലുള്ള ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രത്യേകത. ഈ സൗന്ദര്യത്തെക്കുറിച്ച് അറിഞ്ഞുകേട്ട് കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുന്നുമുണ്ട്. വലിയ തോതിലുള്ള വരുമാനവും ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്. കാലം കഴിയുന്തോറും കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവന്ന് ഈ സ്ഥലത്തിന്റെ വിനോദസഞ്ചാര സാധ്യത മുഴുവനായി ഉപയോഗപ്പെടുത്തുന്നതിന് പകരം ഉള്ള സൗകര്യങ്ങള്‍ നശിച്ചുപോകുന്നത് നോക്കിനില്‍ക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.