സംരക്ഷണ ഭിത്തി തകര്‍ന്നു, അടിത്തറയുടെ കല്ലും ഇളകി; കക്കയം അങ്ങാടിയിലെ പാലം അപകടാവസ്ഥയില്‍: സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
കൂരാച്ചുണ്ട്: കക്കയം അങ്ങാടിയുടെ സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് പി.ഡബ്ല്യു.ഡി നിര്‍മ്മിച്ച പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന്റെ സംരക്ഷണ ഭിത്തി തകരുകയും അടിത്തറയുടെ കരിങ്കല്‍ കെട്ടുകള്‍ അടര്‍ന്നുവരികയും ചെയ്ത നിലയിലാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള പ്രളയത്തിലും കെ.എസ്.ഇ.ബിയുടെ ജലവൈദ്യുത പദ്ധതികളില്‍ നിന്നും പുറന്തള്ളുന്ന ള്ളെത്തിന്റെ ശക്തമായ കുത്തൊഴുക്കിലുമാണ് പാലത്തിന്റെ സംരക്ഷണ ഭിത്തികള്‍ തകര്‍ന്നത്. എന്നാല്‍ ഇത് നന്നാക്കാനുള്ള യാതൊരു ഇടപെടലും ഇതുവരെയുണ്ടായിട്ടില്ല.
1960 കളിലാണ് പാലം നിര്‍മ്മിച്ചത്. കാലപ്പഴക്കവും കേടുപാടുകള്‍ സംഭവിക്കാന്‍ ഒരു കാരണമാണ്. പാലത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കക്കയത്തേയ്ക്ക് എത്താനുള്ള പ്രധാന വഴിയാണിത്. നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്.
അപകടകരമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്തി പാലത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
[bot1]