കര്‍ക്കിടക ഉഴിച്ചിലിനെന്ന പേരില്‍ പേരാമ്പ്രയില്‍ ഒന്നരമാസത്തോളം ഒളിവില്‍ കഴിഞ്ഞു, ഇവിടം കേന്ദ്രീകരിച്ച് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പദ്ധതിയിട്ടു; നാട്ടുകാര്‍ കഥയറിഞ്ഞത് തമിഴ്‌നാട് പൊലീസെത്തി ആയുധങ്ങളുമായി വീടുവളഞ്ഞപ്പോള്‍


പേരാമ്പ്ര: തമിഴ്‌നാട് പൊലീസ് കഴിഞ്ഞദിവസം വെടിവെച്ചു കൊന്ന കുപ്രസിദ്ധ ഗുണ്ട കാക്കത്തോപ്പ് ബാലാജി ഒന്നരമാസത്തോളം ഒളിവില്‍ താമസിച്ചത് പേരാമ്പ്രയില്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ പൊലീസ് അന്വേഷിച്ചെത്തിയതോടെയാണ് ഇയാള്‍ ഇവിടംവിട്ടത്. കര്‍ക്കിടകത്തിലെ ഉഴിച്ചിലിന് എന്ന പേരിലാണ് ഇയാള്‍ വെള്ളിയൂരിലെത്തി വാടക വീടെടുത്ത് താമസിച്ചത്.

വെള്ളിയൂര്‍ വലിയ പറമ്പിലെ രണ്ടുനില വീട്ടിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇയാള്‍. പേരാമ്പ്രയിലെ ഒരു കേന്ദ്രത്തില്‍ ഉഴിച്ചിലെനെത്തിയതാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. വലിയ പറമ്പുകാരനായ രാജേഷാണ് ബാലാജിക്ക് വീടൊരുക്കി കൊടുത്തത്. ചെന്നൈയിലുള്ള സുഹൃത്തു വഴിയാണ് ബാലാജിയെ പരിചയപ്പെട്ടതെന്നാണ് രാജേഷ് പറഞ്ഞത്. ഇയാളെ മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ നേരിട്ട് പരിചയപ്പെട്ടിരുന്നെങ്കിലും കൊലപാതകം അടക്കമുള്ള കേസുകളില്‍ പ്രതിയാണെന്നോ, തമിഴ്‌നാട് പൊലീസിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ഗുണ്ടയെന്നോ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് രാജേഷ് പറഞ്ഞത്.

സാധാരണ ഉഴിച്ചില്‍ 14 ദിവസം കൊണ്ട് അവസാനിക്കും. കൂടാതെ ഉഴിച്ചില്‍ നടത്തുന്നയാള്‍ മത്സ്യമാംസാദികള്‍ കഴിക്കാറുമില്ല. പതിനാലുദിവസം കഴിഞ്ഞിട്ടും പോകാതെ വാടകവീട്ടില്‍ തുടര്‍ന്നത് ചിലരില്‍ സംശയമുണ്ടാക്കിയിരുന്നു. കൂടാതെ ഇയാള്‍ പലപ്പോഴും സമീപത്തെ ചിക്കന്‍ സ്റ്റാളില്‍ നിന്നും കോഴിയിറച്ചി വാങ്ങിപ്പോകുന്നത് ചിലര്‍ കാണുകയും ചെയ്തിരുന്നു. സംശയം തോന്നി ചോദിച്ചവരോടെല്ലാം പല ഒഴിവുകഴിവുകളും പറഞ്ഞ് ബാലാജി തടിതപ്പുകയായിരുന്നു.

ഇതിനിടെ ഇയാള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നതായി രാജേഷ് പറയുന്നു. ഹരിതകര്‍മ്മ സേന സേഖരിച്ച പ്ലാസ്റ്റിക് മാലിന്യം കണ്ടപ്പോള്‍ ഇതിനെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ഇത് മൊത്തമായി വാങ്ങി ചെന്നൈയിലേക്ക് കയറ്റി അയക്കാനുമായിരുന്നു പദ്ധതി.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളുമായും ബാലാജി ബന്ധപ്പെട്ടിരുന്നു എന്ന് രാജേഷ് തന്നെ സമ്മതിക്കുന്നു. അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസ് ബാലാജിയെ തേടി വെള്ളിയൂരിലെത്തിയത്.

ജൂലൈ 27ന് രാവിലെയാണ് പൊലീസ് ഇയാളെ തേടി വെള്ളിയൂരിലെ വലിയ പറമ്പില്‍ എത്തിയത്. ബാലാജി താമസിച്ചിരുന്ന വീടിന് തൊട്ടടുത്തെത്തിയ സംഘം ഇയാളെക്കുറിച്ച് അന്വേഷിച്ചു. തൊക്കുധാരികളെ കണ്ട് വീട്ടുകാരി ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടെ ആരോ ബാലാജിയെ വിവരം അറിയിക്കുകയും അയാള്‍ രക്ഷപ്പെടുകയുമായിരുന്നു. പൊലീസ് സംഘത്തില്‍ നിന്നാണ് ബാലാജിയെന്ന ക്രിമിനലിനെക്കുറിച്ച് വെള്ളിയൂരുകാര്‍ അറിയുന്നത്.

ആറ് കൊലപാതകം, 14 വധശ്രമം, പണം തട്ടല്‍ ഉള്‍പ്പെടെ അറുപതോളം കേസുകളില്‍ പ്രതിയാണ് കാക്കാത്തോപ്പ് ബാലാജി. തമിഴ്‌നാട് ചെന്നൈയിലെ മണ്ണടി കാക്കത്തോപ്പ് സ്വദേശിയായ ബാലാജി, കാക്കാത്തോപ്പ് ബാലാജിയെന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്. എന്നൂരിലെ ജെംയിസ് കൊലക്കേസ്, കാമരാജ് കൊലക്കേസ് എന്നിവയിലും ബാലാജി പ്രതിയാണ്. കൂട്ടാളിയായിരുന്ന നാഗേന്ദ്രനും മറ്റൊരു ഗുണ്ടയായ ധനശേഖരും ജയിലില്‍ ആയതിന് പിറകെയാണ് കാക്കാത്തോപ്പ് ബാലാജി ചെന്നൈയില്‍ ഗുണ്ടകള്‍ക്കിടയില്‍ സ്വാധീനം നേടിയത്.