”കടമ്പ് മരം പൂത്തല്ലോ” ശ്രീകൃഷ്ണന്റെ കുസൃതിക്കഥകള്‍ക്കൊപ്പം കേട്ട കടമ്പ് മരം പൂക്കാട് കാഞ്ഞിലശ്ശേരിയിലും


മഞ്ഞ നിറത്തില്‍ ഗോളാകൃതിയില്‍ ടെന്നിസ് ബോളുപോലുള്ള പൂവ്. അല്ലെങ്കില്‍ കുറച്ചുകാലം മുമ്പ് ലോകത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറോണ വൈറസില്ലേ, അതിന്റേത് പോലുള്ള രൂപമുള്ള ഒരു പൂവ്, പൂക്കാട് കാഞ്ഞിലശ്ശേരി ക്ഷേത്രത്തില്‍ വിരിഞ്ഞ ഈ പൂവാണ് ഇപ്പോള്‍ ഇവിടുത്തെ താരം.

കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന കടമ്പ് മരമാണ് കാഞ്ഞിലശ്ശേരിയില്‍ പൂത്തിരിക്കുന്നത്. പുരാണങ്ങളില്‍ വിശിഷ്ട വൃക്ഷമായി കരുതുന്ന ഒന്നാണ് കടമ്പ്. മഹാഭാരതത്തില്‍ കൃഷ്ണന്‍ ഓടക്കുഴലൂതുന്ന സുഗന്ധ വാഹിനിയായ കടമ്പ്, ഗോപികമാരുടെ വസ്ത്രങ്ങള്‍ കുളിക്കടവില്‍ നിന്നെടുത്ത് ഒരു മരത്തില്‍വെച്ചതായി പറയുന്നില്ലേ, അതേ മരം.

ഈ വൃക്ഷം വടക്കേ ഇന്ത്യക്കാരനാണ്. പൂക്കാട് സ്വദേശിയാണ് കാഞ്ഞിലശ്ശേരി ശിവ ക്ഷേത്രത്തില്‍ കടമ്പിന്റെ തൈ കൊണ്ടുവന്ന് നട്ടത്. കൊവിഡ് കാലത്ത് ആദ്യമായി പൂവിട്ട കടമ്പ് ഇത്തവണ വീണ്ടും പൂത്തുലഞ്ഞു. മൊട്ടിട്ട് കഴിഞ്ഞാല്‍ ചെറിയ മഞ്ഞ പന്തിന്റെ ആകൃതിലാകും. ദിവസങ്ങള്‍ക്കുള്ളില്‍ വിടരാന്‍ തുടങ്ങും. ഇതിന്റെ പൂവിന് ടെന്നിസ് ബോളിന്‌ഞെര ആകൃതിയുള്ളതിനാല്‍ ടെന്നിസ് ബോള്‍ ട്രീ എന്നും അറിയപ്പെടുന്നു.

കദംബത്തിന്റെ ഇലയും തൊലിയും ഔഷധഗുണമുള്ളതാണെന്നും പറയപ്പെടുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും മുറിവ് ഉണക്കുന്നത്തിനും അപസ്മാര ചികിത്സക്കുമെല്ലാം ഇവ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിന്റെ പൂവ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് പ്രധാനമാണ്.

ഗോളാകൃതിയിലുള്ള പൂക്കള്‍ക്ക് വെള്ള കലര്‍ന്ന മഞ്ഞ നിറമാണ് സാധാരണ കാണുന്നത്. പക്ഷികളെയും പ്രാണികളെയും ആകര്‍ഷിക്കുന്ന സുഗന്ധമാണ് ഇതിന്റെ പ്രത്യേകത. കടമ്പ് പൂത്തുകഴിഞ്ഞാല്‍ ആ മരത്തിന് ചുറ്റും പൂമ്പാറ്റകള്‍ പാറിനടക്കുന്നത് കാണാം.

ശില്‍പങ്ങള്‍ നിര്‍മിക്കുന്നതിന് വ്യാപകമായി ഉത്തരേന്ത്യയില്‍ കദംബത്തിന്റെ തടി ഉപയോഗിക്കുന്നുണ്ട്. സുഗന്ധ തൈല നിര്‍മാണത്തിനും മറ്റും ഈ പൂക്കള്‍ ഉപയോഗിക്കാറുണ്ട്.

മഴ ആരംഭിക്കുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കടമ്പ് സാധാരണ പൂവിടാറുള്ളത്. ചെറിയ പന്തുകള്‍ തൂക്കിയിട്ടതു പോലെയാണ് മൊട്ടുകള്‍ ഉണ്ടാവുക. മാസങ്ങളോളം മരത്തിലുണ്ടാകുന്ന മൊട്ട് മഴ പെയ്യുന്നതോടെ പൊടുന്നനെയാണ് പൂക്കുക.