” ഇരുട്ടിന്റെ മറവില്‍ കെ.ദാസനെയോ, കോമത്ത് മാഷിനെയോ ലക്ഷ്യമിട്ടു വന്ന കഠാരയില്‍ കയറിപ്പിടിച്ച ചങ്കൂറ്റത്തിന്റെ പേരാണ് ഞങ്ങള്‍ക്ക് എം.ആര്” മട്ടങ്കോട്ട് രാമുണ്ണികുട്ടിയെ അനുസ്മരിച്ച് കെ.ഷാനവാസ്
എം.ആര് എന്നുവിളിച്ചാല് മാത്രം ജനം അറിയുന്ന ഞങ്ങളുടെയൊക്കെ ജ്യേഷ്ഠ സഹോദരന് മട്ടങ്കോട്ട് രാമുണ്ണികുട്ടി നമ്മെ വിട്ടുപോയിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ കാരിരുമ്പിന്റെ കരുത്തുണ്ടായിരുന്നവന്, ഒരു മര്‍ദ്ദനത്തിനും തളര്‍ത്താന്‍ കഴിയാത്തവനെന്ന് ജിവിതം കൊണ്ട് തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വം. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെയും അമരക്കാരന്. സഹനസമരങ്ങള്‍ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും മുന്നില്‍ നിന്നു നയിക്കാന്‍ ഞങ്ങള്‍ അരിക്കുളക്കാര്ക്ക് സഖാവ് എം.ആര് ഉണ്ടായിരുന്നു, അല്ല – എമ്മാറേ ഉണ്ടായിരുന്നുള്ളൂ.
അടിയന്തിരാവസ്ഥ കാലം എന്നത് ഒരു പന്ത്രണ്ടു വയസുകാരന്റെ ഓര്‍മ്മ മാത്രമാണ് എനിക്ക്. ഇന്ദിരാഗാന്ധിയും , സഞ്ജയ് ഗാന്ധിയും പിന്നെ പൊലീസും എമ്മാറും ഒക്കെ ചേര്ന്നൊരോര്മയാണ് അടിയന്തിരവസ്ഥ എനിക്കിന്നും. അതിക്രൂരമായ പൊലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ച എം.ആറിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മകള്‍. പോലീസിന്റെയും ഭരണകൂട ഭീകരതയുടെയും മാത്രമല്ല ഗുണ്ടാ ആക്രമണത്തിന്റെ കഠാരമുനകള്‍ തന്റെ പുറത്തുനിന്ന് ഹൃദയംവരെ തുളച്ചുകയറിയിട്ടും മരണത്തിനു കീഴടങ്ങാതെ പോര്‍നിലങ്ങളില്‍ പിന്നെയും മൂന്നു നാല് പതിറ്റാണ്ടുകള്‍ പോര് നയിച്ചവനാണ് ഞങ്ങളുടെ പ്രിയ എം.ആര്.
തിക്കോടി പുറക്കാടുവെച്ച് വര്‍ഗീയ ഫാസിസ്റ്റ് അക്രമകാരികള്‍ ജീവനെടുക്കാന്‍ വന്നപ്പൊള്‍ കൊയിലാണ്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം സഹപ്രവര്‍ത്തകരെ കാക്കാന്‍ അക്രമകാരികള്‍ പൊട്ടിച്ച ബോംബിന്റെ മുഴക്കത്തെയും കൂസാതെ ഇരുട്ടിന്റ മറവില്‍ കെ.ദാസനെയോ, കോമത്ത് മാഷിനെയോ ലക്ഷ്യമിട്ടു വന്ന കഠാരയില്‍ കയറിപ്പിടിച്ച
ചങ്കൂറ്റത്തിന്റെ പേരാണ് ഞങ്ങള്‍ക്ക് എം.ആര്.
ഞങ്ങളൊക്കെ നേതൃത്വത്തിലിരിക്കുമ്പോള്‍ യുവജന സംഘടന കൊയിലാണ്ടി താലുക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ലാത്തിചാര്‍ജിലും വെടിവെപ്പിലും കലാശിച്ചു. പാര്‍ട്ടി ഓഫിസും, അവിടെയുണ്ടായിരുന്ന വനിത സഖാക്കളെയും പൊലീസ് അതിക്രമത്തില്‍ നിന്നു സംരക്ഷിക്കാന്‍ മുന്നില്‍ നിന്നതിന് പൊലീസ് വാഹനത്തിലിട്ട് അതിക്രൂരമര്‍ദ്ദനം അന്നും ഏറ്റുവാങ്ങേണ്ടിവന്നു എമ്മാറിന്. ആഴ്ചകളോളം ജയില്‍വാസം വേറേയും. അവസാനം അടിയന്തിരാവസ്ഥ സമ്മാനിച്ച അക്രമങ്ങളുടെ ആകെത്തുകയായി കൂടെകൊണ്ടുനടന്ന ശ്വാസംമുട്ട് അദേഹത്തെ കൊണ്ടുപോയിരിക്കുന്നു.
അവസാനം കണ്ടത് മകള്‍ ബീനയുടെ ഗൃഹപ്രവേശത്തിന് വീട്ടില്‍ ചെന്നപ്പോളായിരുന്നു. അദ്ദേഹത്തിന്റെ മനസ് ഭൂതവും വര്‍ത്തമാനവും കെട്ടുപിണഞ്ഞ വേര്‍പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണെന്ന ധാരണയില്‍ ഒരു കൗതുകത്തിനു വെറുതെ ചൊദിച്ചു. എന്നെ’ മനസിലായൊ എന്ന്’. ഉത്തരം ഇങ്ങനെയാരുന്നു ‘പോടാ ചിലക്കാണ്ട് നിന്നെ മനസിലാവാണ്ടോ’ എന്ന്. അന്നും കരുതിയത് ഇനിയും ഒരുപാടു കാലം മരണത്തെ പലവട്ടം തോല്‍പ്പിച്ച സഖാവ് ജീവിച്ചിരിക്കും എന്നുതന്നെ ആയിരുന്നു. റെഡ് സലിയു ട്ട്. ആദരാജ്ഞലികള്‍.