കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ട്വിസ്റ്റ്; കെ മുരളീധരന്‍ വടകരയില്‍ മത്സരിക്കില്ല


കൊയിലാണ്ടി: വടകര നിയോജകമണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കും.  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.

വടകരയ്ക്ക് പകരം കെ. മുരളീധരന്‍ തൃശ്ശൂരിലാണ് മത്സരിക്കുന്നത്. വടകരയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് മുന്‍പ് മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കൂടാതെ വടകരയില്‍ പ്രചരണവും ആരംഭിച്ചിരുന്നു മുരളീധരന്‍.

ഔദ്യോഗിക പ്രഖ്യാപനം നടത്താതത് കൊണ്ട് തന്നെ ചുവരെഴുത്ത് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങിയിരുന്നില്ല.
ആലപ്പുഴയില്‍ കെ.സി വേണുഗോപാലും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. സിറ്റിംങ് എം.പി ടി.എന്‍ പ്രതാപന്‍ മത്സരിക്കില്ല.

കേരളത്തിലെ പതിനാറ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായും അംഗീകാരം ലഭിച്ചാല്‍ വെളളിയാഴ്ച പ്രഖ്യാപിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ പറഞ്ഞു.

കെ.കെ ശൈലജയും കെ മുരളീധരനും തമ്മിലുളള പോരാട്ടമാണ് ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഷാഫി പറമ്പില്‍ വടകരയില്‍ ശക്തമായ പോരാട്ടം കാഴ്ചവെയക്കുമെന്നാണ് സൂചന. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും നിലവില്‍ എം.എല്‍.എ യും കൂടിയാണ് ഷാഫി പറമ്പില്‍. സിദ്ധിഖിനും ഷാഫി പറമ്പിലിനുമായിരുന്നു വടകര സീറ്റിലേക്ക് പരിഗണിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

തിരുവനന്തപുരം: ശശി തരൂര്‍, ആറ്റിങ്ങല്‍: അടൂര്‍ പ്രകാശ്, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി: ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട: ആന്റോ ആന്റണി, എറണാകുളം: ഹൈബി ഈഡന്‍, ചാലക്കുടി: ബെന്നി ബഹനാന്‍, ആലത്തൂര്‍: രമ്യാ ഹരിദാസ്, പാലക്കാട്: വി.കെ. ശ്രീകണ്ഠന്‍, തൃശ്ശൂര്‍: കെ. മുരളീധരന്‍, കോഴിക്കോട്: എം.കെ. രാഘവന്‍, വയനാട്: രാഹുല്‍ ഗാന്ധി, വടകര: ഷാഫി പറമ്പില്‍, കണ്ണൂര്‍: കെ. സുധാകരന്‍, കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എന്നിങ്ങനെയാണ്.

മറ്റു യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.), കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോണ്‍ഗ്രസ്), മലപ്പുറം: ഇ.ടി. മുഹമ്മദ് ബഷീര്‍

പൊന്നാനി: അബ്ദുസ്സമദ് സമദാനി (ഇരുവരും മുസ്ലിംലീഗ്).