അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി
മേപ്പയ്യൂർ: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്.
മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന് ഹാജി, എം.കെ ഇസ്മയില്‍, ഇ.പി അബ്ദുറഹിമാന്, അമ്മദ് സി, എള്ളോഴത്തില്‍ അസയിനാര്‍, മീറങ്ങാട്ട് അസയിനാര്‍, കെ.ടി അമ്മദ്, മുഹമ്മദ് കെ തുടങ്ങിയവര്‍ സൗഹൃദ ചടങ്ങിന് നേതൃത്വം നല്കി.
മഹല്ല് നിവാസികളായ നിരവധിപേര്‍ പള്ളി പരിസരത്ത് എത്തി ഘോഷയാത്രയ്ക്ക് ആശംസയര്‍പ്പിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശശി പി എം, ഭാരവാഹികളായ എ.കെ രാജന്, മധു പി, ബാലന് കെ., സുരേന്ദ്രന് കെ.കെ., ജയമോഹന് കെ.എം, ഉണ്ണികൃഷ്ണന് ഇടയിലാട്ട് തുടങ്ങിയ മറ്റു ക്ഷേത്ര ഭാരവാഹികളും ഭക്ത ജനങ്ങളും സദസ്സില്‍ സൗഹൃദം പങ്കുവച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സറീന ഒളോറ ആശംസയര്‍പ്പിച്ചു.