കുറ്റകൃത്യം നടന്ന് 110-ാം ദിവസം വിധി; ആലുവ കേസില്‍ അതിവേഗം വിചാരണയും വിധിയും


കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നര മാസത്തിനുള്ളില്‍ അതിവേഗത്തിലാണ് വിചാരണ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ശിക്ഷാ വിധി വന്നത്. എറണാകുളം പോക്‌സോ കോടതിയാണ് കേസിലെ പ്രതി അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചത്.

2023 ജൂലായ് 28ന് വൈകുന്നേരമാണ് പെണ്‍കുട്ടിയെ ആലുവയിലെ വീടിന് സമീപത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കെ കാണാതാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടുകയും പിറ്റേ ദിവസം രാവിലെയോടെ ആലുവ മാര്‍ക്കറ്റിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കുട്ടി കൊല്ലപ്പെട്ട 35-ാം ദിവസം പ്രത്യേക സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവു നശിപ്പിക്കല്‍ എന്നിവയും പോക്‌സോ കേസിലെ ഒന്നുമുതല്‍ ആറു വരെയുള്ള വകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവയടങ്ങിയ തൊണ്ടി വസ്തുക്കളടക്കം തെളിവായി നല്‍കിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ നാലിന് വിചാരണ തുടരുകയും 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും പ്രതിക്കെതിരെ 16 കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് 99-ാം ദിവസം കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഒടുവില്‍ ശിശു ദിനത്തിന്റെ അന്ന് പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തില്‍ പ്രതിയ്ക്ക് കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്തു.

പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമായിരിക്കും കേസില്‍ വധശിക്ഷ നടപ്പാക്കുക. അതിന് മുന്‍പ് സുപ്രീം കോടതിയില്‍ വരെ സമീപിക്കാന്‍ പ്രതിക്ക് അവകാശമുണ്ടായിരിക്കും.