ജെ.ആര്‍ ജ്യോതിലക്ഷ്മി കുട്ടികളുടെ മനസ്സിനെ ആഴത്തില്‍ മനസിലാക്കിയ കവിയെന്ന് കല്‍പ്പറ്റ നാരായണന്‍; ‘മലയാളമാണെന്റെ ഭാഷ, മധുര മനോഹര ഭാഷ’ പ്രകാശനം ചെയ്തു


കൊയിലാണ്ടി: കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ് ഏറ്റവും പ്രയാസമേറിയ എഴുത്ത് എന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. കുമാരനാശാനും ജി.ശങ്കരക്കുറുപ്പുമാണ് കുട്ടികള്‍ക്കു വേണ്ടി അതീവ ഹൃദ്യമായ കവിതകളെഴുതിയത്. ഭാഷയില്‍ നിന്ന് ദൃശ്യങ്ങളിലേയ്ക്കാണ് ഇന്നത്തെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത്. എന്നിട്ടും ടോം ആന്റ് ജെറി പോലെ ഭാവനയെ ഉണര്‍ത്തുന്ന ഒരു സൃഷ്ടിയും മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ.ആര്‍.ജ്യോതിലക്ഷ്മി രചിച്ച ‘മലയാളമാണെന്റെ ഭാഷ, മധുര മനോഹര ഭാഷ’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മനസ്സിനെ വളരെ ആഴത്തില്‍ മനസ്സിലാക്കിയ കവിയാണ് ഈ പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം പുസ്തകം ഏറ്റുവാങ്ങി.

കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേര്‍സണ്‍ സുധ കിഴക്കേപ്പാട്ട്, എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എന്‍.ഇ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കരുണന്‍ പുസ്തകഭവന്‍ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. കവി രമ ചെപ്പ് സ്വാഗതമാശംസിച്ചു. കവികളായ മോഹനന്‍ നടുവത്തൂര്‍, ഷൈനി കൃഷ്ണ, പ്രഭ.എന്‍.കെ, ചിത്രകാരന്‍ സായ് പ്രസാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജെ.ആര്‍.ജ്യോതിലക്ഷ്മി മറുപടി പ്രസംഗം നടത്തി. അഡ്വ.ബിനോയ്.എം.ബി. നന്ദി പ്രകാശിപ്പിച്ചു.

സായ് പ്രസാദ് വരച്ച ചിത്രങ്ങള്‍ ‘മലയാളമാണെന്റെ ഭാഷ , മധുര മനോഹര ഭാഷ ‘ എന്ന പുസ്തകത്തിന് മിഴിവേകുന്നു. ഇന്‍സൈറ്റ് പബ്ലിക്കയാണ് പ്രസാധകര്‍.