ചക്കിട്ടപാറ സ്വദേശി ജോസഫ് മുന്‍പ് മൂന്നുതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍: മരിച്ചത് ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതകൊണ്ടാമെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ചക്കിട്ടപ്പാറ മുതുകാട് സ്വദേശി ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണം ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നരയേക്കറോളം ഭൂമി സ്വന്തമായുണ്ടായിരുന്ന ജോസഫിന് ആത്മഹത്യയിലേക്ക് നയിക്കുംവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ലെന്നും ആത്മഹത്യാ ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം വീട്ടിലെത്തി അന്വേഷണം നടത്തുകയും വീട്ടുപറമ്പിലെ തൊഴിലുറപ്പ് തൊഴില്‍ സൗകര്യം ഉറപ്പാക്കുകയും ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മൂന്ന് ആത്മഹത്യാ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. 2016ല്‍ ചക്കിട്ടപ്പാറ വില്ലേജ് ഓഫീസില്‍ മണ്ണെണ്ണയുമായി ആത്മഹത്യാ ഭീഷണി ഉയര്‍ത്തിയിരുന്നു. 2019 ജൂണ്‍ 28നും ജൂലൈ 29നുമാണ് കലക്ട്രേറ്റിലും വനംവകുപ്പ് ഓഫീസിലും സമാനമായ സംഭവം അരങ്ങേറിയത്.
ഒന്നര ഏക്കര്‍ ഭൂമിക്ക് പട്ടയം ലഭിക്കാത്ത കാര്യം പറഞ്ഞ് പറമ്പില്‍ നിന്നും തേക്കുമരം മുറിക്കാന്‍ അനുമതി ലഭിക്കണം എന്ന ആവശ്യം പറഞ്ഞും ആത്മഹത്യാ ഭീഷണി ഉയര്‍ത്തി. അന്‍പത് സെന്റ് ഭൂമിക്ക് ജോസഫിനെ പട്ടയം ലഭിച്ചിരുന്നു. അതിനാല്‍ രണ്ടാമതൊരു പട്ടയം ലഭിക്കാന്‍ നിയമതടസമുള്ളതായിട്ടാണ് മനസിലാക്കുന്നത്. ഇതാണ് വസ്തുത.
പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇയാള്‍ ആത്മഹത്യ ചെയ്ത് സ്ഥലത്തിന് സമീപത്തുനിന്ന് ലഭിച്ച ഗുളികയിടുന്ന കവറിന് പുറത്ത് എഴുതിയിരുന്ന കവറിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നുണ്ട് എന്നാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനുവരി 23നായിരുന്നു ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചന്‍ -77) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസഫിന്റെ മരണം പെന്‍ഷന്‍ മുടങ്ങിയത് കാരണമാണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യവാരം ചക്കിട്ടപാറ പഞ്ചായത്ത് ഓഫിസിലെത്തി പെന്‍ഷനില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്നു കാണിച്ച് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇദ്ദേഹവും ഓട്ടിസം ബാധിച്ച മൂത്ത മകള്‍ ജിന്‍സിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവര്‍ക്കും കിട്ടുന്ന പെന്‍ഷന്‍കൊണ്ടാണ് ജീവിതം മുന്നോട്ടുപോയിരുന്നതെന്ന് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.