പുതുസംരംഭങ്ങൾ തുടങ്ങാം, ജാമ്യവ്യവസ്ഥയില്ലാതെ 65,000 മുതൽ 15 ലക്ഷം രൂപ വരെ വായ്പയെടുക്കാം; ജോർ ഫെയറുമായി കോഴിക്കോട്


കോഴിക്കോട്: റിസ്ക് ഫ്രീ ജോയന്റ് വെഞ്ച്വർ പ്ലാറ്റ്‌ഫോമായ ജോർ, റിങ്ങ്സ് പ്രൊമോസ്, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ ചേർന്ന് ഒരുലക്ഷം പുതുസംരംഭകർക്കായി വായ്പപ്പദ്ധതിക്കുള്ള അംഗീകാരപത്രം നൽകും. നവംബർ ഒന്നിന് 11 മണിമുതൽ ആറുവരെ ബീച്ച് ഫ്രീഡം സ്ക്വയറിന് സമീപം സജ്ജമാക്കിയ ഗ്രാൻഡ് മലബാർ ജോർ ഫെയർ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.എൽ.എ. മാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. മുനീർ എന്നിവരും പി.വി. ഗംഗാധരൻ, സി.ഇ. ചാക്കുണ്ണി തുടങ്ങിയവരും പങ്കെടുക്കും.

യാതൊരു ജാമ്യവ്യവസ്ഥയുമില്ലാതെ 65,000 മുതൽ 15 ലക്ഷം രൂപ വരെ വായ്പയെടുക്കാനുള്ള സൗകര്യമാണ് മേളയിലുണ്ടാവുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. വായ്പപ്പദ്ധതി ഉപയോഗപ്പെടുത്തുന്നതിനായി ഇരുപതിലധികം പ്രോജക്ട് മോഡലുകളും വ്യാപാര സഹായവും ജോർ നൽകും.

മേളയിൽ ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ആറായിരത്തിലധികം തൊഴിലവസരങ്ങൾക്കുള്ള സ്പോട്ട് രജിസ്ട്രേഷനും വിവിധ കമ്പനികളുടെ ഡീലർഷിപ്പ്, ഫ്രാഞ്ചൈസി അവസരങ്ങളും ഒരുക്കും.

ജോർ ചെയർമാൻ ജെയ്സൺ അറയ്ക്കൽ ജോയ്, കാലിക്കറ്റ് സിറ്റി കോ- ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി, റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി പ്രസിഡന്റ് കെ. അനിൽ കുമാർ, സെക്രട്ടറി കെ. അജിത്ത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ജോർ ഫെയറിന്റെ ലോഗോ ജി. നാരായണൻകുട്ടി പ്രകാശനം ചെയ്തു. വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ- 18004197419, 18004198419.

Summary: Jor Fair in Kozhikode