തൊഴിലന്വേഷകർക്കായി, ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ അറിയാം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം.

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ രാത്രികാല വെറ്ററിനറി സേവനത്തിനായി ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് താല്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 26 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. താല്പര്യമുള്ളവർ എസ്.എസ്.എൽ.സി ബുക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് എന്നിവയുടെ അസൽ സഹിതം കൃത്യസമയത്ത് ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952768075

ഗവ: മെഡിക്കൽ കോളേജ് എച്ച് ഡി എസ് നു കീഴിൽ എൻ ഐ സി യു സ്റ്റാഫ് നേഴ്സ് ട്രെയിനികളെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത ബി എസ് സി നഴ്സിംഗ് അല്ലെങ്കിൽ ജി എൻ എം . ട്രെയിനിങ് കാലയളവിൽ 7000 രൂപ സ്റ്റൈപ്പന്റ് നൽകും. താല്പര്യമുള്ളവർ ഏപ്രിൽ 28 ന് രാവിലെ 11.30 ന് സർട്ടിഫിക്കറ്റുകൾ സഹിതം ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. പ്രായപരിധി 18 – 35. കൂടുതൽ വിവരങ്ങൾക്ക് : 0495-2355900