പൊലീസിന്റെ കോമ്പിങ് ഓപ്പറേഷന്; ഒറ്റരാത്രിയില്‍ കോഴിക്കോട് നഗരത്തില്‍ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസിലെ പ്രതികളും ഉള്‍പ്പെടെ നിരവധി നിയമലംഘകര്‍
കോഴിക്കോട്: പോലീസിന്റെ കോമ്പിങ് ഓപ്പറേഷനില്‍ ഒറ്റരാത്രി കൊണ്ട് കോഴിക്കോട് നഗരത്തില്‍ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസിലെ പ്രതികളും ഉള്‍പ്പെടെ നിരവധിപേര്‍. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല് മീണയുടെ നിര്ദ്ദേശപ്രകാരരാണ് നവംബര്‍ രണ്ട് രാത്രി 11 മണി മുതല്‍ മൂന്നാം തിയ്യതി പുലര്‍ച്ചെ മൂന്നുമണിവരെ നടത്തിയ സ്പെഷ്യല്‍ കൊമ്പിങ് ഓപ്പറേഷന് പദ്ധതിയിട്ടത്. വര്‍ദ്ധിച്ചു വരുന്ന മയക്കു മരുന്ന് വില്പനയും ഉപയോഗവും, ഗുണ്ടാ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, മോഷണവും കവര്‍ച്ചയും അമര്‍ച്ച ചെയ്യുക എന്നതാണ് കൊമ്പിങ് ഓപ്പറേഷനിലൂടെ ലക്ഷ്യമിടുന്നത്.
നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണി മുറിക്കുക, മോഷണം, കവര്‍ച്ച ഇവ തടയുക ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളും ഭീഷണികളും ഇല്ലാതാക്കുക, വാറന്റ് പ്രതികളെ പിടികൂടുക തുടങ്ങിയവയാണ് പ്രധാനമായും കോമ്പിങ് ഡ്യൂട്ടിക്കായുള്ള നിര്‍ദ്ദേശം. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും 38 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതില്‍ വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി പാളയം ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് മലപ്പുറം കച്ചേരിപ്പറമ്പ് തടത്തില്‍ വീട്ടില്‍ റഹ്മാന് സഫാത്ത് (60), കൊടുവള്ളി മാനിപുരം കല്ലുവീട്ടില്‍ കെ.വി.ഹബീബ് റഹ്മാന് (24), പുളിക്കല്‍ കിഴക്കയില്‍ ഹൗസ് അജിത്ത്.കെ എന്നിവരെ വിവിധ കേസുകളിലായി കസബ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ച 38 ഓളം പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മദ്യപാനം നടത്തിയതിനും വില്‍പ്പനയ്ക്കായി മദ്യം അനധികൃതമായി കൈവശം വച്ചതിനും 21 ഓളം പേര്‍ക്കെതിരെയും അബ്കാരി നിയമം പ്രകാരം വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തു.
അശ്രദ്ധമായി വാഹനമോടിച്ച അശ്രദ്ധമായി വാഹനമോടിച്ച 27 ഓളം പേര്‍ക്ക് എതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം വിവിധ സ്റ്റേഷനുകളായി കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം എന്തോ കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി സംശയസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 6 ഓളം പേരെ കരുതല്‍ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതികള്‍ അനധികൃതമായി ജില്ലയില്‍ പ്രവേശിക്കുന്നുണ്ടോ എന്നും പരിശോധന നടത്തി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം വച്ച് ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി സുജിത്ത് (40) കോഴിക്കോട് ജില്ലാ കോടതിക്ക് സമീപം NMDC എന്ന സ്ഥാപനത്തിന്റെ ഡോര്‍ പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച പ്രതി ചക്കുംകടവ് ആനമാട് ഷഫീഖ് (42), മാറാട് പൊട്ടാംകണ്ടി പറമ്പില്‍ വച്ച് സ്ത്രീയെയും ഭര്‍ത്താവിനെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകന് നേരെ കല്ലെറിയുകയും ചെയ്ത കേസിലെ പ്രതി മാറാട് സ്വദേശി സുരേഷ് (40) എന്നീ പിടികിട്ടാപ്പുള്ളികളായ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ നടന്ന പഴുതടച്ചുള്ള അന്വേഷണത്തില്‍ ടൗണ്‍ മാറാട് സ്റ്റേഷനുകളില്‍ ഇവരെയും പിടികൂടി.
കോഴിക്കോട് സിറ്റിയില്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണരുടെ ചുമതലയുള്ള അഡിഷണല്‍ എസ്.പി, ഒന്‍പതു എ.സി.പിമാര്‍ 17 ഇന്‍സ്പെക്ടര്‍മാര്‍, അമ്പതോളം എസ്.ഐമാര്‍ ഇരുന്നുറ്റി അമ്പതോളം പോലീസുകാര്‍ എന്നിങ്ങനെ കോമ്പിങ്ങിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.
Summary: Police Combing Operation in kozhikode