കോഴിക്കോട് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍; കമ്പ്യൂട്ടര്‍ എഞ്ചിനിയറായ മോഷ്ടാവിനെ കുടുക്കാന്‍ പൊലീസിന് തുണയായത് ഗൂഗിള്‍പേ



കോഴിക്കോട്: രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ നെക്മണി പട്ടേലാണ് (27) പിടിയിലായത്. കവര്‍ച്ചയ്ക്കിടെ ഇയാള്‍ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് പോയ പുതിയ പിക്കാസ് വാങ്ങിക്കാന്‍ പ്രതി ഗൂഗിള്‍ പേയിലൂടെ പണം നല്‍കിയതാണ് പൊലീസിന് തുമ്പായത്.

കവര്‍ച്ചയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് വിവിധ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. അന്വേഷണത്തില്‍ പിക്കാസ് രാമനാട്ടുകരയില്‍ നിന്നുതന്നെയാണ് വാങ്ങിയതെന്ന് കണ്ടെത്തി.

തുടര്‍ന്ന് കടയിലെത്തി അന്വേഷിച്ചപ്പോള്‍ ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ പണം നല്‍കിയതെന്ന് മനസിലായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബൈപ്പാസ് ജങ്ഷനില്‍വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് ബിരുദ ധാരിയായ പ്രതി നഗരത്തില്‍ ജെ.സി.ബി ഡ്രൈവറായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് രാമനാട്ടുകാര ടൗണിലെ ദുബൈ ഗോള്‍ഡ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഭിത്തിയുടെ കല്ലുകള്‍ ഇളക്കിയാണ് പ്രതി അകത്തുകയറിയത്. ജ്വല്ലറിയില്‍ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ കുത്തിത്തുറക്കാന്‍ ശ്രമം നടന്നതോടെ അലാം മുഴങ്ങി.

തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ചുറ്റും നോക്കിയപ്പോഴാണ് ഭിത്തി തുരന്നതായി കണ്ടത്. ഈ സമയത്ത് മോഷ്ടാവ് അകത്തുണ്ടായിരുന്നു. കവര്‍ച്ച നടത്തി പോയിട്ടുണ്ടാവും എന്ന് കരുതി ജീവനക്കാര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് ഭിത്തിയുടെ ദ്വാരത്തിലൂടെ പുറത്തുചാടി ഓടിപ്പോയത്.