ശ്രുതിയെ തനിച്ചാക്കി ജെൻസൺ യാത്രയായി; വയനാട് കൽപ്പറ്റയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു


വയനാട്: കല്‍പ്പറ്റയില്‍ ബസ്സും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജെന്‍സണ്‍ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകുന്നേരമാണ് കല്‍പ്പറ്റയില്‍ വെച്ച് ജെന്‍സനും കുടുംബവും സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു.  ജെന്‍സന്റെ ഭാവിവധുവായ ശ്രുതിയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. പരിക്ക് ഗരുരുതരമല്ലാത്തതിനാല്‍ ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും വീടും നഷ്ടപ്പെട്ട ശ്രൂതിയുടെ പ്രസിശ്രുത വരനായിരുന്നു ജെന്‍സന്‍. ജെന്‍സനുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം സംഭവിച്ചത്.