ലജ്ജാവതിയും അന്നക്കിളിയും പാടി ജാസി ഗിഫ്റ്റ്, കൂടെ ആടിയും പാടിയും ആസ്വാദകര്‍; ജനസാഗരത്തിന്റെ കയ്യടികള്‍ ഏറ്റുവാങ്ങി കൊല്ലം പിഷാരികാവിലെത്തിയ ജാസിഗിഫ്റ്റും സംഘവും
കൊല്ലം: ‘ലജ്ജാവതിയേ…’ എന്നു തുടങ്ങുന്ന ഒറ്റഗാനം കൊണ്ടുതന്നെ കേരളീയ യുവതയെ കയ്യിലെടുത്ത ജാസി ഗിഫ്റ്റിന് കൊല്ലം പിഷാരികാവില്‍ തടിച്ചുകൂടിയ ജനസഹസ്രങ്ങളെ കയ്യിലെടുക്കാന്‍ അധികനേരമൊന്നും വേണ്ടിവന്നില്ല. കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിലെ ചെറിയവിളക്ക് ദിനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് അണിനിരന്ന ഗാനമേള. യുവ എന്റര്‍ടൈന്‍മെന്റ് കാലിക്കറ്റ് അവതരിപ്പിച്ച മ്യൂസിക് നൈറ്റിന്റെ ഭാഗമായാണ് ജാസി ഗിഫ്റ്റ് പിഷാരികാവില്‍ പാടാനെത്തിയത്.
രാത്രി ഏഴുമണിക്ക് ഗാനമേള ആരംഭിക്കുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വൈകുന്നേരത്തെ കാഴ്ചശീവേലി സമയം മുതല്‍ തന്നെ പിഷാരികാവിലൊത്തുകൂടിയ ജനസഹസ്രങ്ങള്‍ പതിയെ പതിയെ ഗാനമേള വേദിയ്ക്ക് അരികിലെത്തി തുടങ്ങി. ഏഴരയ്ക്ക് ഗാനമേള അവതരിപ്പിക്കുമ്പോള്‍ സദസ്സ് ഏതാണ്ട് നിറഞ്ഞിരുന്നു. ഭക്തിഗാനവും മെലഡി ഗാനങ്ങളും ആലപിച്ചാണ് ഗാനമേള തുടങ്ങിയത്. നാലഞ്ച് ഗാനങ്ങള്‍ക്കുശേഷം ജാസി ഗിഫ്റ്റ് സ്റ്റേജിലെത്തി. അതോടെ ആസ്വാദകര്‍ക്കിടയില്‍ ആവേശവും കൂടി. പിന്നീട് മൂന്നുമണിക്കൂറോളം നീണ്ട പരിപാടിയില്‍ വേദിയില്‍ ഗാനമാലപിച്ച കലാകാരന്മാര്‍ക്കൊപ്പം പാട്ടുപാടിയും സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നൃത്തച്ചുവടുകള്‍വെച്ചും പിഷാരികാവിലെത്തിയ ജനസാഗരവും ഒപ്പം കൂടി.
ഗാനമേളയുടെ അവസാന ഘട്ടത്തിലാണ് ജാസി ഗിഫ്റ്റ് തന്റെ മാസ്റ്റര്‍ പീസായ ‘ലജ്ജാവതി’ പുറത്തെടുത്തത്. റിയാലിറ്റി ഷോകളിലൂടെയും പിന്നണിഗാന രംഗത്തുമൊക്കെ പ്രശസ്തരായ ഗായികാ ഗായകന്മാരായിരുന്നു ഷോയ്ക്ക് കരുത്തുപകരാന്‍ യുവ എന്റര്‍ടൈന്‍മെന്റ്‌സ് സംഘത്തിലുണ്ടായിരുന്നത്. എല്ലാവരും ആസ്വാദകരുടെ മനംകവര്‍ന്നു. ഇതിനിടയില്‍ കൊയിലാണ്ടിക്കാരുടെ പ്രിയ ഗായകന്‍ കൊല്ലം ഷാഫിയും ‘നില്ലടി നില്ലടി കുയിലേ..” എന്ന ഗാനമാലപിച്ച് ജാസി ഗിഫ്റ്റിന് ഒപ്പമെത്തി. ആവേശകരമായ ‘ചെയിന്‍ സോങ്ങും’ കൂടി കഴിഞ്ഞാണ് ഭൂരിപക്ഷം പേരും മടങ്ങിയത്.
View this post on Instagram