അരിക്കുളം വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു


അരിക്കുളം: വളേരിമുക്കില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡ് ഭാഗികമായി തകര്‍ന്നു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിലാണ് റോഡ് തകര്‍ന്നത്. ഉടന്‍ തന്നെ വാല്‍വ് അടച്ച് ഈ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് അധികൃതര്‍ നിര്‍ത്തി.

ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. വൈകീട്ട് അഞ്ച് മണിയോടെയാണ് വാല്‍വ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിര്‍ത്തിയത്.

റോഡരികിലായുള്ള കനാലിലേക്കാണ് പൊട്ടിയ പൈപ്പില്‍ നിന്ന് വെള്ളം ഒഴുകിയത്. ജനവാസമുള്ള സ്ഥലത്താണ് പൈപ്പ് പൊട്ടിയത്. കനാല്‍ ഇല്ലായിരുന്നെങ്കില്‍ ഇവിടെയുള്ള വീടുകളിലേക്ക് വെള്ളമെത്തുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

അരിക്കുളത്ത് നിന്ന് മേപ്പയ്യൂരിലേക്ക് പോകുന്ന റോഡാണ് പൈപ്പ് പൊട്ടിയതോടെ ഭാഗികമായി തകര്‍ന്നത്. കനാലിനോട് ചേര്‍ന്നുള്ള ഈ റോഡിലൂടെ കൂടുതല്‍ വാഹനങ്ങള്‍ പോകാറില്ല.

പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.