ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റ് എങ്ങനെ ജാനകി കാടായി എന്ന കഥ അറിയുമോ? ഈ കത്തുന്ന വെയിലില്‍ കാടിന്റെ തണലില്‍ അരുവിയുടെ ഓരത്തൂടെ ഒരു കുടുംബ യാത്രയുമാകാം
പേരാമ്പ്രയില്‍ നിന്ന്ഏകദേശം പന്ത്രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറ്റ്യാടി പുഴക്ക് അരികിലെത്താം. പുഴക്ക് കുറുകെ നൂറുമീറ്ററോളം നീളത്തില്‍ ചവറമുഴിപ്പാലം. പാലത്തിന്റെ അവസാനം മുതലാണ് ജാനകി കാടിന്റെ തുടക്കം. മുന്‍ കേന്ദ്രമന്ത്രി വി.കെ കൃഷ്ണമേനോന്റെ സഹോദരി വി.കെ ജാനകി അമ്മയുടെ പേരിലുള്ള എസ്റ്റേറ്റായിരുന്നു ഇത്. അങ്ങനെയാണ് കാടിനു ജാനകിക്കാട് എന്ന പേരു വന്നത്. ഏറെ കാലം നീണ്ട നിയമ യുദ്ധങ്ങള്‍ക്ക് ഒടുവിലാണ് ഭൂമി സര്‍ക്കാരിന്റേതായി മാറിയത്.
2008 ലാണ് ഇതിനെ ഇക്കോ ടൂറിസം സെന്ററായി പ്രഖ്യാപിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് സന്ദര്‍ശന സമയം. കാടിന്റെ സൗന്ദര്യം അതിന്റെ പൂര്‍ണതയില്‍ തന്നെ ആസ്വദിക്കാനൊരിടം. വന്യ ജീവികളുടെ ഭയപ്പെടുത്തലുകളില്ലാതെ കാടിനെ ആഴത്തില്‍ തൊട്ടറിയാമെന്നതുതന്നെയാണ് ഈ കാടിന്റെ പ്രത്യേകതയും.
കാടിന്റെ ഉള്‍വശത്തേക്കു കയറി ചെന്ന പോലെതന്നയാണ് പ്രവേശനകവാടം മുതലുള്ള കാഴ്ചകള്‍. നൂറ്റിമുപ്പത്തിയൊന്ന് ഹെക്ടറില്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്ന വനത്തില്‍ പലയിടത്തായി ഇരിപ്പിടങ്ങളുണ്ട്. പരസ്പരം കൂടിച്ചേര്‍ന്ന് കിടക്കുന്ന മരങ്ങളുടെ വേരുകള്‍ കാട്ടു വഴിക്കു പ്രത്യേക ഭംഗി നല്‍കുന്നു. പല വൃക്ഷങ്ങളുടെയും പേരുകള്‍ അവയില്‍ എഴുതി വെച്ചിട്ടുണ്ട്. വഴിയരികില്‍ ഇടവിട്ട് നിര്‍ദ്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ ഉണ്ട്. നടപ്പാതയ്ക്ക് അപ്പുറം പുഴ ഒഴുകുന്നത് കാണാന്‍ സാധിക്കും.
ചെറിയ രീതിയില്‍ തീര്‍ത്ത വ്യൂ പോയിന്റ് ഉണ്ട്. ഇവിടെ നില്‍ക്കുമ്പോള്‍ പുഴയുടെ ഒഴുക്കും ശബ്ദവും അടുത്തറിയാന്‍ കഴിയും. ബലമേറിയ കാട്ടുവള്ളികള്‍ ഊഞ്ഞാല്‍ പോലെ ഊര്‍ന്നിറങ്ങിയിരിക്കുന്നു. മഴക്കാലങ്ങളില്‍ കാടിനുള്ളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി ചെറുചാലുകള്‍ ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. ഉച്ചനേരങ്ങളില്‍ പോലും കാടിനുള്ളില്‍ തണുപ്പ് അനുഭവപ്പടും. വൈവിധ്യമാര്‍ന്ന കാട്ടു പൂക്കളും കൂണുകളും നിറയെ കാണാം. ധാരാളം ചിത്രശലഭങ്ങളും പലതരം പക്ഷികളും നമ്മുടെ സഞ്ചാര ദിശയിലൂടെ വന്നു പോകും. അപകടകരമായ രീതിയിലുള്ള ഒരു കിണറും അതിനുള്ളിലുണ്ട്. വള്ളിപ്പടര്‍പ്പുകള്‍ കൊണ്ടു തീര്‍ത്ത പോലെ ഒരു മരമുണ്ട്. യഥാര്‍ത്ഥത്തില്‍ അതു മരമല്ല. അവിടെ ഉണ്ടായിരുന്ന മരത്തെ ചുറ്റിപ്പിടിച്ച് വളര്‍ന്നുവന്ന വെറും വേരുമാത്രമാണത്. മരം നശിച്ചു പോയിട്ടും അതില്‍ പടര്‍ന്നു പിടിച്ച വേര് ഇപ്പോഴും നിലനില്‍ക്കുകയാണ്.
കാടിനുള്ളില്‍ ഇഞ്ച, കരിമുത്തിള്‍, നീറ്റം, സര്‍പ്പഗന്ധി തുടങ്ങി ധാരാളം ഔഷധസസ്യങ്ങളുണ്ട്. നിലനില്‍ക്കുന്ന മണ്ണിലെ വിഷാംശം വലിച്ചെടുക്കുന്ന കാഞ്ഞിരവും കാടിനുള്ളില്‍ അതിഥികളെ കാത്തിരിപ്പുണ്ട്. കൂടാതെ കാടിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നു വിളിക്കാവുന്ന രണ്ടായിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ആ കാടിന്റെ പ്രധാന കണ്ണിയാണ്. കുളിര്‍മയുള്ള കാറ്റും തണുപ്പും ഉള്‍ക്കാടിന്റെ മനോഹാരിതയും സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്നു.