റെഡ് വളണ്ടിയർമാരുടെ ഗാർഡ് ഓഫ് ഓർണർ, വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര; എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ചെങ്കൊടികളും ചുവപ്പ് മേലാപ്പുമണിഞ്ഞ് ജനകീയ പ്രതിരോധ ജാഥയ്ക്ക് ഉജ്ജ്വലമായ വരവേൽപ്പ് നൽകാൻ ഒരുങ്ങി നഗരം. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് നിന്ന് നാടൻ കലാരൂപങ്ങളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ ജാഥാലീഡറെ തുറന്ന വാഹനത്തിൽ വരവേൽക്കും.
നാളെ വെെകീട്ട് 4 മണിക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കൊയിലാണ്ടിയിലെത്തുക. മണ്ഡലത്തിന് കീഴിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 570 ചുവപ്പ് വളണ്ടിയർമാരും മണ്ഡലം നേതാക്കളും ചേർന്ന് വരവേൽക്കും.
കേരള ബാങ്കിന് മുന്നിൽ നിന്ന് തുറന്ന വാഹനത്തിലാണ് ജാഥ ലീഡർ എം.വി ഗോവിന്ദൻ സ്വീകരണ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുക. റെഡ് വളണ്ടിയർമാർ ഗാർഡ് ഓഫ് ഓർണർ നൽകി സ്വീകരിക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശിക്കും. തെയ്യം, തിറ, ദഫ്മുട്ട്, കോൽക്കളി, തിരുവാതിരക്കളി തുടങ്ങിയ തനത് കലാരൂപങ്ങൾ അണിനിരക്കും.
കലാപരിപാടികളോടെയാണ് സമ്മേളനം ആരംഭിക്കുക. ജാഥാ മാനേജർ പി.കെ ബിജു, എം.സ്വരാജ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗ ജെയ്ക് സി തോമസ്, മുൻമന്ത്രി കെ.ടി ജലീൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
മൂരാട് മുതൽ കോരപ്പുഴ വരെയും, മുത്താമ്പി പാലം, കണയങ്കോട് ഭാഗങ്ങളിൽ നിന്നുൾപ്പെടെ 15,000 പാർട്ടി പ്രവർത്തകർ സമ്മേളനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നാളെ വെെകീട്ട് കോഴിക്കോടാണ് സമാപനം. സമാപന നഗരിയായ കോഴിക്കോട് കടപ്പുറത്തേക്ക് ബെെക്ക് റാലിയുടെ അകമ്പടിയോടെ കൊയിലാണ്ടിയിൽ നിന്ന് ജാഥ പുറപ്പെടും.